അൽബുറാഖ് മതിലുമായി ബന്ധിപ്പിച്ച് ഇസ്രായേൽ ട്രെയിൻ സ്റ്റേഷൻ പണിയുന്നു
text_fieldsജറൂസലം: പഴയ നഗരത്തിലെ അൽബുറാഖ് മതിലിനോട് ചേർത്ത് (വെസ്റ്റേൺ വാൾ) യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പേരിൽ ട്രെയിൻ സ്റ്റേഷൻ പണിയാൻ ഇസ്രായേൽ നീക്കം. അതിെൻറ ഭാഗമായി ബുറാഖ് മതിലിലൂടെ കടന്നുപോകുന്ന അതിവേഗ റെയിൽവേ പദ്ധതിയുടെ നിർമാണം എത്രയും വേഗം പൂർത്തീകരിക്കാനാണ് ഇസ്രായേൽ ഗതാഗതമന്ത്രി യിസ്രായേൽ കട്സ് ഉത്തരവിട്ടത്. പിന്നീട് പണിയുന്ന ട്രെയിൻ സ്റ്റേഷന് ട്രംപിെൻറ പേരു നൽകാനാണ് തീരുമാനം. ട്രംപ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതിെൻറ പ്രത്യുപകാരമായാണിത്. ആദ്യ ഘട്ടത്തിൽ രണ്ട് ഭൂഗർഭ സ്റ്റേഷനുകളടക്കം പണിയാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ജറൂസലം നഗരത്തിൽനിന്ന് അതിനായി മൂന്നു കിലോമീറ്ററോളം തുരങ്കപാത പണി തുടങ്ങിയിട്ടുണ്ട്. 70 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നതെന്ന് കട്സ് വ്യക്തമാക്കി. അതിവേഗ റെയിൽ യാഥാർഥ്യമായാൽ ഖുദ്സും വെസ്റ്റേൺ വാളും സന്ദർശിക്കാൻ ആളുകളെ അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു.
മുസ്ലിംകളെ കൂടാതെ ജൂതന്മാരും വിശുദ്ധഭൂമിയായി കണക്കാക്കുന്നതാണ് അൽബുറാഖ് മതിൽ. ഇവിടെ അതിവേഗ റെയിൽപ്പാത നിർമിക്കുന്നതിനെ അന്താരാഷ്ട്ര സമൂഹം എതിർക്കുമെന്നാണ് കരുതുന്നത്. കാരണം, 1967െല ഫലസ്തീൻ ഭൂമികളിലെ ഇസ്രായേലിെൻറ അധിനിവേശം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. മസ്ജിദുൽ അഖ്സയിലെ പടിഞ്ഞാറൻ മതിലിെൻറ ഭാഗമാണ് അൽബുറാഖ് മതിൽ. 1967ലെ ആറുദിന യുദ്ധത്തിൽ കിഴക്കൻ ജറൂസലമിനൊപ്പം ഇസ്രായേൽ പിടിച്ചെടുത്തതാണ് ഇൗ മതിൽ.
ഗസ്സ അതിർത്തിയിലെ തീരത്ത് കൃത്രിമ ദ്വീപുകൾ പണിയാൻ പദ്ധതിയുണ്ടെന്നും കട്സ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
