You are here
നീരവ് മോദിയുടെ സഹോദരന് ഇൻറർപോൾ നോട്ടീസ്
ലണ്ടൻ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 1300 കോടി രൂപ തട്ടിച്ച് വിദേശത്തേക്ക് കടക്കവെ ബ്രിട്ടനിൽ അറസ്റ്റിലായ വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരന് നെഹല്‍ ദീപക് മോദിക്കെതിരെ ഇൻറർപോളിെൻറ റെഡ് കോര്‍ണര്‍ നോട്ടീസ്. നെഹലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, തെളിവു നശിപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. ബെൽജിയം പൗരനായ നെഹൽ യു.എസിലാണെന്നാണ് കരുതുന്നത്. ഇൻറർപോളിന് അംഗത്വമുള്ള രാജ്യങ്ങളിൽ നെഹലിനെ കണ്ടാലുടൻ അറസ്റ്റ് ചെയ്യാനാണ് നിർദേശം. നെഹലിന് ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകൾ അറിയാമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നുണ്ട്.
നീരവ് മോദിക്ക് ബാങ്ക് തട്ടിപ്പ് നടത്താന്‍ നെഹാല്‍ സഹായം നല്‍കിയിട്ടുണ്ടെന്നും റെഡ് കോര്‍ണര്‍ നോട്ടീസിറക്കണമെന്നും ഈ വര്‍ഷമാദ്യം എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇൻറര്പോളിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് നടത്തുന്നതിനും അത് മറച്ചുവെക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നെഹല്‍ നീരവിനെ സഹായിച്ചെന്നാണ് എന്‍ഫോഴ്സ്മെൻറ് കണ്ടെത്തിയത്. നീരവ് മോദി പ്രതിസന്ധിയിലായ സമയത്ത് ദുബൈയിലെയും ഹോങ്കോങ്ങിലേയും ഡമ്മി ഡയറക്ടര്‍മാരുടെ ഫോണുകള്‍ നശിപ്പിക്കുകയും നീരവിന് രക്ഷപ്പെടാന്‍ കൈറോയിലേക്ക് ടിക്കറ്റെടുത്ത് നല്‍കിയെന്നുമാണ് കണ്ടെത്തൽ.