ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ ഒാൺലൈൻ സുഹൃത്ത് കുത്തികൊന്നു
text_fieldsമെൽബൺ: ഒാൺലൈൻ ചാറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്കൊപ്പം അത്താഴവിരുന്നിന് പോയ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് എന്ന 25 കാരനാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്നും കുത്തേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെൽബണിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി വെസ്റ്റ് മെൽബണിലെ സൺബറിയിൽ പെൺകുട്ടി തനിച്ചു താമസിക്കുന്ന വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ 19 കാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
സഹായം ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് റാത്തോഡിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ അൽപനേരത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. പൊലീസ് കൊലക്കുറ്റം ചുമത്തി പെൺകുട്ടിയെ അറസ്റ്റു ചെയ്തു. ഇവരെ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അക്കൗണ്ടൻസ് വിദ്യാർഥിയായ മൗലിൻ റാത്തോഡ് നാലുവർഷമായി മെൽബണിലാണ്. മരണവിവരം ഇന്ത്യയിലുള്ള രക്ഷിതാക്കളെ വിവരം അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു.
