‘മനുഷ്യനിർമിത’ ഉരുൾപൊട്ടലുകൾ വർധിക്കുന്നതായി പഠനം
text_fieldsലണ്ടൻ: ഏതാനും വർഷമായി ‘മനുഷ്യനിർമിത’ ഉരുൾപൊട്ടലുകളുടെ എണ്ണം വർധിച്ചതായി പഠനം. 2004-2016 കാലയളവിൽ നടന്ന മാരകമായ ഉരുൾപൊട്ടലുകളെപ്പറ്റി ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമാണ് പരിസ്ഥിതിവാദികളും ശാസ്ത്രജ്ഞരുടെയും വാദത്തെ അടിവരയിടുന്നത്. 13 വർഷത്തിനിടെ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന 4,800 ഉരുൾപൊട്ടലുകളാണ് പഠനവിധേയമാക്കിയത്.
ഇവയിൽ 700 എണ്ണവും മനുഷ്യ ഇടപെടലുകളുടെ അനന്തരഫലമാണെന്ന് നാചുറൽ ഹസാർഡ് ആൻഡ് എർത്ത് സിസ്റ്റം സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 50,000ത്തിലധികം പേർ ഇൗ കാലയളവിൽ ഉരുൾപൊട്ടലിൽ മരിച്ചതായും കണ്ടെത്തി. ഭൂചലനങ്ങൾ മൂലമുണ്ടായ ഉരുൾപൊട്ടലുകൾ പഠനത്തിെൻറ ഭാഗമായിരുന്നില്ല.
നിർമാണങ്ങൾ, അധികൃതവും അനധികൃതവുമായ ഖനനങ്ങൾ, കുന്നുകളുടെ അനിയന്ത്രിത ഇടിച്ചുനിരത്തലുകൾ തുടങ്ങിയവയാണ് ഉരുൾപൊട്ടലിെൻറ കാരണങ്ങൾ. ഇൗ പ്രവണത ആഗോളതലത്തിൽ പൊതുവെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഏറ്റവും രൂക്ഷമായിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളിലാണെന്നും അതിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഗവേഷകയായ ഡോ. മെലാനീ ഫ്രോദ് പറയുന്നു. പഠനവിധേയമാക്കിയ കാലയളവിലുണ്ടായ അപകടങ്ങളിൽ 20 ശതമാനവും ഇന്ത്യയിലായിരുന്നു. പാകിസ്താൻ, മ്യാന്മർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 2013ൽ 5000ത്തിലധികം പേർ കൊല്ലപ്പെട്ട കേദാർനാഥ് ഉരുൾപൊട്ടൽ ഗവേഷകർ പ്രത്യേകം പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
