ആ കൗമാരക്കാരി ശിലായുഗത്തിൽ ച്യൂയിംഗം ഉപയോഗിച്ചിരുന്നു?
text_fieldsലണ്ടൻ: ശിലായുഗത്തില്‍ മനുഷ്യർ ച്യൂയിംഗം ഉപയോഗിച്ചിരുന്നോ. അതെയെന്നാണ് ഡെൻമാർക്കിൽനിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 5,700 വര്‍ഷം മുമ്പ് ജീവിച്ച കൗമാരക്കാരി ഉപയോഗിച്ച ഒരു തരം ച്യൂയിംഗത്തില്നിന്നും മനുഷ്യെൻറ പൂര്‍ണ ജനിതക ഘടന (ഡി.എൻ.എ) വേര്‍തിരിച്ചെടുത്തെന്ന് അവർ അവകാശപ്പെടുന്നു. ദക്ഷിണ ഡെൻമാര്ക്കിലെ ലോലണ്ട് ദ്വീപിലെ സില്‍ത്തോമില്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് ച്യൂയിംഗത്തിന് സമാനമായ സാംപ്ള്‍ കണ്ടെത്തിയത്. ലോലണ്ട് ദ്വീപിെൻറ പേരിനോട് ചേർത്ത് ‘ലോല’ എന്നാണ് ച്യൂയിംഗം കഴിച്ച കൗമാരക്കാരിക്ക് ഗവേഷകർ പേരുനൽകിയിരിക്കുന്നത്.
ഡി.എൻ.എ പരിശോധനയിലൂടെ ച്യൂയിംഗം ഉപയോഗിച്ച ആളുടെ ലിംഗം, ഭക്ഷണ രീതി, വായിൽ രോഗാണുക്കളുടെ സാന്നിധ്യം, ശരീരത്തിെൻറയും കണ്ണിെൻറയും നിറം, വംശം തുടങ്ങിയവ മനസ്സിലാക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. ഇതു പ്രകാരം ഇരുണ്ട ചര്‍മവും നീലക്കണ്ണുമാണ് ലോലക്കുണ്ടായിരുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നായാട്ട് നടത്തുന്നവരിൽപ്പെട്ടവളായിരുന്നു ലോല. ഗവേഷകര്‍ നല്കിയ വിവരങ്ങൾ അടിസ്ഥാനമാക്കി ലോലയുടെ രൂപം ചിത്രകാരന്മാര് വരച്ചിട്ടുണ്ട്.
എല്ലില്‍നിന്നല്ലാതെ മറ്റൊരു വസ്തുവില്നിന്ന് മനുഷ്യ ഡി.എന്‍.എ വേര്‍തിരിച്ചെടുക്കുന്നത് ആദ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഹാന്‍സ് ഷ്രോഡര്‍ പറഞ്ഞു. ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചര്‍ കമ്യൂണിക്കേഷനി’ൽ ഹാന്‍സ് ഷ്രോഡറാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.