ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സ മുനമ്പിലേക്ക് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. ദക്ഷിണ ഇസ്രായേലിൽനിന്നും തൊടുത്തുവിട്ട റോക്കറ്റുകൾ പതിച്ച് ബെയ്ത്ത് ഹാനൂനിൽ 22കാരനായ ഇമാദ് നാസിറിനാണ് ദാരുണാന്ത്യം. നിരവധിയിടങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
വെള്ളിയാഴ്ച രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാലു ഫലസ്തീനികളെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ ആക്രമണം. തെക്കൻ ഗസ്സയിലെ കാർഷിക മേഖലയായ ഖാൻ യൂനുസിലേക്കും ഇസ്രായേൽ റോക്കറ്റ് തൊടുത്തു. നാലുപേർക്ക് പരിക്കേറ്റതായി ഗസ്സ ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഗസ്സയിൽ നിന്ന് തിരിച്ച് റോക്കറ്റ് തൊടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇസ്രായേൽ ഭാഗത്ത് നാശനഷ്ടമുള്ളതായി വിവരമില്ല.