കാലിഫോർണിയയിൽ മഴയിലും മണ്ണിടിച്ചിലിലും 13 പേർ മരിച്ചു
text_fieldsലോസ് ആഞ്ജലസ്: തെക്കൻ കാലിഫോർണിയയിൽ കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിലും മണ്ണിടിച്ചിലിലും 13 പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. ലോസ് ആഞ്ജലസിലെ മോൻറിസൈറ്റോയിൽ മണ്ണിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായും ഇവക്കായി തിരച്ചിൽ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. 20ഒാളം പേരെ കാണാതായതായി സാൻറാ ബാർബറയിലെ അഗ്നിശമനസേന വിഭാഗം ട്വിറ്ററിൽ പറഞ്ഞു.
ചളിനിറഞ്ഞ പുഴയുടെയും മഴയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ട റോഡുകളുടെയും ചിത്രങ്ങൾ ഇവർ പങ്കുവെച്ചു. ചളി നിറഞ്ഞതിനാൽ കിലോമീറ്ററോളം റോഡുഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയ ഏകദേശം 275 കേസുകളാണ് കാലിഫോർണിയ ഹൈവേ പട്രോൾ പരിധിയിൽ റിപ്പോർട്ട് ബുധനാഴ്ച രാവിലെവരെ ചെയ്തിരിക്കുന്നത്.
