സീസിയെ വീണ്ടും തെരഞ്ഞെടുക്കാൻ ഇൗജിപ്ത് ജനത പോളിങ് ബൂത്തിലേക്ക്
text_fieldsകൈറോ: പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് പകരക്കാരനെ തെരഞ്ഞെടുക്കാൻ അവകാശമില്ലാതെ ഇൗജിപ്തിലെ ജനത പോളിങ് ബൂത്തിലേക്ക്. ഇന്നു മുതൽ (മാർച്ച് 26-28) മൂന്നു ദിവസമാണ് രാജ്യത്ത് വോെട്ടടുപ്പ് നടക്കുന്നത്. ഏകപക്ഷീയമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ വിജയം സീസി(63) പ്രവചിച്ചതാണ്. അയൽ രാജ്യങ്ങളിലുള്ള ഇൗജിപ്ഷ്യൻ പൗരന്മാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
രാജ്യത്ത് ആദ്യമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ച് അധികാരത്തിലേറിയ സീസിയുടെ അഞ്ചുവർഷത്തെ ഭരണം വിലയിരുത്താനുള്ള അവസരമല്ലിത്. ജനങ്ങളുടെ ഒാരോ വോട്ടും സീസിക്ക് പിന്തുണയായി മാറുന്ന അവസ്ഥയാണ് രാജ്യത്ത്. പേരിനു മാത്രം സ്വന്തം തട്ടകത്തിൽ തന്നെയുള്ള മുസ്തഫ മൂസയെന്ന എതിരാളിയുണ്ട്. അദ്ദേഹത്തിെൻറ അൽഗദ് പാർട്ടി നേരത്തേ സീസിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ്. ഇക്കാര്യം ഇൗ65 കാരൻ നിഷേധിക്കുന്നുമില്ല. എന്നാൽ, അദ്ദേഹം അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഇൗജിപ്തുകാർ കരുതുന്നില്ല. ശക്തരായ എതിരാളികളെ ജയിലിലടക്കുകയോ നിർബന്ധിച്ച് പിൻവലിപ്പിക്കുകയോ ചെയ്യുക വഴി അഞ്ചുവർഷത്തെ ഭരണം വിലയിരുത്താനുള്ള ഹിതപരിശോധന ഒഴിവാക്കുക എന്നതാണ് സീസി നടത്തിയ പ്രധാന തന്ത്രം.
ഒരു സ്ഥാനാർഥിക്ക് മാത്രം വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുന്ന ജനതയുടെ ദൗർഭാഗ്യം ഒഴിവാക്കാനാണ് താൻ നാമനിർദേശ പത്രിക നൽകിയതെന്ന് മുസ്തഫ മൂസ വ്യക്തമാക്കി. സീസിക്ക് ശക്തമായ വെല്ലുവിളിയുയർത്തിയത് മുൻ സൈനിക മേധാവി സാമി അനാൻ ആയിരുന്നു. മത്സരിക്കുമെന്ന് പ്രഖ്യാപിച്ചയുടൻ സൈനികചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് സീസി അദ്ദേഹത്തെ ജയിലിലടച്ചത്. എതിരാളികളില്ലാത്ത മത്സരമായിട്ടും തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഒട്ടും മോശമാക്കിയില്ല സീസി. 2011ലെ ജനകീയ വിപ്ലവത്തിൽ ഏകാധിപതിയായിരുന്ന ഹുസ്നി മുബാറകിെനപ്പോലെ തന്നെ പുറത്താക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിമോഹമായിരിക്കുമതെന്നും മുന്നറിയിപ്പു നൽകാനും മറന്നില്ല.
വോെട്ടടുപ്പ് നിർബന്ധമാണ് ഇൗജിപ്തിൽ. എന്നാൽ, യുവാക്കളിൽ കൂടുതലും ഇൗ സമ്പ്രദായത്തിൽ താൽപര്യമില്ലാത്തവരാണ്. രാജ്യത്തെ സാമൂഹിക -സാമ്പത്തിക രംഗത്ത് വലിയ ചലനമൊന്നും തെരഞ്ഞെടുപ്പുകൊണ്ട് ഉണ്ടാവുകയില്ലെന്ന് വിശ്വസിക്കുന്ന വിഭാഗമാണത്. രാജ്യത്ത് സീസിയെ പിന്തുണക്കുന്നവരും കുറവല്ല. സീസി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യം കൂടുതൽ സുസ്ഥിരമാകുമെന്നവർ വിശ്വസിക്കുന്നു. അട്ടിമറി തടയാനായി രാജ്യത്ത് മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മതിയായ കാരണം ബോധിപ്പിക്കാതെ അടച്ചുപൂട്ടിയത് 93 വെബ്സൈറ്റുകളാണ്. സീസിയെ വിമർശിച്ച മാധ്യമപ്രവർത്തകർ അഴികൾക്കുള്ളിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
