ഈജിപ്തിൽ അൽസീസിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം
text_fieldsകൈറോ: ഈജിപ്തിൽ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ രാജിയാവശ്യപ്പെട്ട് വൻ പ്രക്ഷോഭം. ആജീവനാന്തം അധികാരത്തിൽ തുടരാൻ അൽസീസി കരുക്കൾ നീക്കുന്നതിനിടെയാണീ ജ നമുന്നേറ്റം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച ്ചാണ് അൽസീസി അധികാരത്തിലേറിയത്. തുടർന്ന് രാജ്യത്ത് പ്രതിഷേധപ്രകടനങ്ങൾ നിര ോധിക്കുകയും ചെയ്തു. അതോടെ ജനകീയ പ്രക്ഷോഭങ്ങൾ അപൂർവമാണ് ഈജിപ്തിൽ.
‘‘ഭയമില്ലാതെ, ഉയിർത്തെഴുന്നേൽക്കൂ, സീസി പുറത്തുപോകൽ അനിവാര്യ’’മെന്നുമുള്ള മുദ്രാവാക്യങ്ങളുമായാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഈജിപ്തിലെ വലിയ നഗരങ്ങളായ അലക്സാണ്ട്രിയയിലും സൂയസിലുമാണ് പ്രക്ഷോഭം അരങ്ങേറിയത്. കൈറോയിലെ തഹ്രീർ ചത്വരത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഏകാധിപതിയായിരുന്ന ഹുസ്നി മുബാറക്കിനെ പുറത്താക്കാൻ 2011ൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത് തഹ്രീർ ചത്വരത്തിൽ നിന്നായിരുന്നു. സ്പെയിനിൽ അഭയം തേടിയ ഈജിപ്ഷ്യൻ ബിസിനസുകാരനും നടനുമായ മുഹമ്മദ് അലി അൽസീസിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സീസിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം തെരുവിലിറങ്ങണമെന്നും അലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആവശ്യപ്പെട്ടു. ഇത് ജനം ഏറ്റെടുക്കുകയായിരുന്നു.പ്രക്ഷോഭകാരികൾക്ക് വിഡിയോ വഴി പൂർണ പിന്തുണയാണ് അലി നൽകുന്നത്. അൽസീസി രാജിവെച്ചാൽ രാജ്യത്തേക്ക് മടങ്ങിവരാനാണ് അലിയുടെ പദ്ധതി.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്കും പട്ടിണിയും കുതിച്ചുയരുകയാണ്.ജൂലൈയിൽ പുറത്തുവിട്ട കണക്കനുസരിച്ച് മൂന്നിലൊന്ന് ഈജിപ്തുകാരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എതിരാളികളെ ഒന്നൊന്നായി അടിച്ചമർത്തിയാണ് അൽസീസി ഭരണം നടത്തുന്നത്. അഴിമതിയാരോപണം അൽസീസി നിഷേധിച്ചിരുന്നു.