വിമാനത്തിൽ മദ്യപരുടെ വിളയാട്ടം; വാതിൽ തുറക്കാൻ ശ്രമിച്ചയാളെ പിടിച്ചു കെട്ടി
text_fieldsമോസ്കോ: വിമാനത്തിൽ യാത്രക്കാർ സൃഷ്ടിക്കുന്ന പലവിധം പ്രശ്നങ്ങൾ നാം കേട്ടിട്ടുണ്ട്. ഭക്ഷണം ഇഷ്ടപ്പെടാ ത്തിനാലും കൃത്യസമയത്തിന് വിമാനം പുറപ്പെടാത്തതിനുമെല്ലാം യാത്രക്കാരിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മോസ്കോയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട നോർവിൻറ് എയർലൈൻസിെൻറ ബോയിങ് 777 വിമാനത്തിൽ നടന്നത്.
ഒരു യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട് എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നം. യാത്രക്കാർ പലവിധത്തിൽ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. 33,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന വിമാനത്തിെൻറ എമർജൻസി ഡോർ തുറന്നു പുറത്തിറങ്ങണമെന്ന വാശിയിലായിരുന്നു അയാൾ. വിമാനത്തിലെ ഡോക്ടർ എത്തിയും ഈ യാത്രക്കാരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഫലമുണ്ടായിരുന്നില്ല. ഒടുവിൽ യാത്രക്കാർക്ക് ബലമായി ഇയാളെ കീഴടക്കേണ്ടി വന്നു. സെൽഫോൺ വയറുപയോഗിച്ച് വിമാനത്തിൽ കെട്ടിയിടുകയും വിമാനം ഉസ്ബസ്കിസ്താനിലെ താഷ്കൻഡിൽ ഇറങ്ങിയ ശേഷം ബഹളമുണ്ടാക്കിയ ആളെ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് വിമാനം പറന്നുയർന്നെങ്കിലും ആശ്വസിക്കാൻ വകയില്ലായിരുന്നു. മറ്റ് രണ്ട് മദ്യപർ കൂടി വിമാനത്തിൽ പ്രശ്നമുണ്ടാക്കി. തുടർന്ന് ക്യാബിൻ ക്രൂ ഇടപെട്ട് ഇവരെ രണ്ട് പേരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയിരുത്തുകയായിരുന്നു. ഇതിനിടെ മറ്റൊരു യാത്രികൻ വിമാനത്തിലെ ശുചിമുറിക്കകത്ത് വച്ച് പുക വലിച്ചതും പ്രശ്നം സൃഷ്ടിച്ചു. വിമാനം തായ്ലൻഡിൽ ഇറങ്ങിയ ശേഷം മൂന്നു പേരേയും പിന്നീട് പൊലീസിൽ ഏൽപിക്കുകയായിരുന്നു.