ഇറ്റാലിയൻ സംഗീത സംവിധായകൻ എന്നിയോ മോറികോൺ അന്തരിച്ചു
text_fieldsറോം: ഓസ്കർ ജേതാവായ പ്രമുഖ സംഗീത സംവിധായകൻ എന്നിയോ മോറികോൺ അന്തരിച്ചു. 91 വയസ്സായിരുന്നു. ആറാം വയസ്സിൽ ആദ്യ രചനയുമായി സർഗാത്മക ലോകത്തേക്ക് ചുവടുവെച്ച എന്നിയോ വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക, സിനിമ പാരഡീസോ, ബാറ്റ്ൾ ഓഫ് അൾജിയേഴ്സ്, ഡെയ്സ് ഒാഫ് ഹെവൻ, ദ അൺടച്ചബ്ൾസ് തുടങ്ങി ലോകം ഉറ്റുനോക്കിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു.
1961ൽ ഇറങ്ങിയ ‘ദി ഫാഷിസ്റ്റി’ലൂടെയാണ് സിനിമ സംഗീത സംവിധായകനാകുന്നത്. ക്ലിൻറ് ഈസ്റ്റ്വുഡിനെ ലോകം ആദരിക്കുന്ന നടനായി മാറ്റിയ ‘സ്പഗെറ്റി വെസ്റ്റേൺ’ സിനിമകളിലുൾപെടെ എന്നിയോ സംഗീത സ്പർശം വേറിട്ടുനിന്നു. റേഡിയോ പരിപാടികളിലും സംഗീതം നൽകി.
2007ൽ ഓണററി ഓസ്കർ സമ്മാനിക്കപ്പെട്ട ശേഷം 2016ൽ ‘ദ ഹേറ്റ്ഫുൾ എയ്റ്റി’ലെ സംഗീതത്തിന് ഓസ്കർ തേടിയെത്തി. രണ്ട് അക്കാദമി അവാർഡുകൾ, നാലു ഗ്രാമി, ആറു ബാഫ്റ്റ അവാർഡുകളും നിരവധി ഓസ്കർ നാമനിർദേശവും ലഭിച്ചു. ‘മീസ്ട്രോ’ എന്ന് ഇറ്റലിയിൽ ആദരപൂർവം വിളിക്കപ്പെട്ട എന്നിയോ 500 ലേറെ സിനിമകൾക്കാണ് സംഗീതം പകർന്നത്. പ്രായം 90 പൂർത്തിയാക്കിയ 2019ലും അദ്ദേഹം സംഗീതം നൽകി അദ്ഭുതപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
