ചിലിയിൽ 38 പേരുമായി സൈനിക വിമാനം കാണാതായി
text_fieldsസാൻറിയാഗോ: 38 പേരുമായി പറന്ന ചിലി വ്യോമസേന വിമാനം കാണാതായി. അൻറാർട്ടിക്കയിലെ സൈനിക താവളത്തിലേക്ക് ചരക്കുമായി പോയ വിമാനമാണ് കാണാതായത്.
ചിലിയിലെ തെക്കന്‍ നഗരമായ പുൻറ അറീനയില്നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയർന്നത്. ആറോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 130 ഹെർകുലീസ് വിമാനത്തിൽ 17 ജീവനക്കാരും 21 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ മൂന്നു പേർ തദ്ദേശവാസികളാണ്.
കിങ് ജോർജ് ദ്വീപിൽ ചിലിയുടെ സൈനിക ക്യാമ്പായ പ്രസിഡൻറ് എഡ്വേർഡോ ഫ്രി മൊണ്ടാൽവ ബേസിലേക്ക് പറന്ന വിമാനമാണ് കാണാതായത്.
വിമാനം കാണാതാകുന്നതിന് മുമ്പ് ഒരുവിധ അപായ സിഗ്നലും നൽകിയിരുന്നില്ലെന്ന് എയർഫോഴ്സ് ജനറൽ പറഞ്ഞു. ഇന്ധനം തീർന്ന വിമാനം മറ്റെവിടെെയങ്കിലും ഇറക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാനം കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് എഫ്-16 യുദ്ധവിമാനവും നാലു കപ്പലുകളും ഉൾപ്പെടെയുള്ള സംഘമാണ് വിമാനത്തിനായി തിരച്ചിൽ നടത്തുന്നത്.