രക്ഷപ്പെടാൻ ഗോസൻ ഉപയോഗിച്ചത് ഫ്രഞ്ച് പാസ്പോർട്ട്
text_fieldsടോക്യോ/അങ്കാറ: വാഹനനിർമാണ രംഗത്തെ പ്രമുഖരായ നിസാെൻറ മുൻ മേധാവി കാർലോസ് ഗോസൻ ജപ്പാനിൽനിന്ന് ലബനാനിലേക്ക് മുങ്ങിയത് കൈവശമുണ്ടായിരുന്ന ഫ്രഞ്ച് പാസ്പോർട്ട് ഉപയോഗിച്ച്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയപ്പോൾ ഫ്രഞ്ച് പാസ്പോർട്ട് കൈവശംവെക്കാൻ അധികൃതർ അനുവദിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഫ്രഞ്ച് പാസ്പോർട്ട് ഉപയോഗിച്ച് നിയമപരമായാണ് രാജ്യത്തെത്തിയതെന്ന് ലബനാൻ അധികൃതരും വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച്, ലബനീസ്, ബ്രസീലിയൻ പാസ്പോർട്ടുകൾ കൈവശമുള്ള ഗോസെൻറ ടോക്യോയിലെ വസതി വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ്ചെയ്തു. അതേസമയം, ഗോസെൻറ പാസ്പോർട്ടുകളെല്ലാം ജാമ്യവ്യവസ്ഥ പ്രകാരം തങ്ങളുടെ കൈവശമാണെന്ന് ജപ്പാൻ അഭിഭാഷകർ അവകാശപ്പെട്ടു. എന്നാൽ, ഫ്രഞ്ച് പാസ്പോർട്ട് കൈവശംവെക്കാൻ അനുവദിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വകാര്യ സുരക്ഷാസേനയെ വാടകക്കെടുത്ത് വിവിധ രാജ്യങ്ങളിലായി അവരെ വിന്യസിച്ച ശേഷമാണ് ജപ്പാനിൽനിന്ന് മുങ്ങാനുള്ള പദ്ധതി തയാറാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനാനിലുള്ള ഭാര്യ കരോളിെൻറ പിന്തുണയോടെയായിരുന്നു ഇത്. ജപ്പാനിലെ ഒരു പ്രാദേശിക വിമാനത്താവളത്തിൽനിന്ന് സ്വകാര്യ വിമാനത്തിൽ തുർക്കിയിലെ ഇസ്തംബൂളിലേക്കാണ് ഗോസൻ പറന്നത്. തുടർന്ന് ലബനാനിലെത്തി.
ഗോസനെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ തുർക്കിയിൽ ഏഴുപേർ അറസ്റ്റിലായി. നാലു പൈലറ്റുമാരും ഒരു കാർഗോ കമ്പനി മാനേജറും രണ്ട് വിമാനത്താവള ജീവനക്കാരുമാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗോസൻ ഫ്രാൻസിലാണെത്തിയിരുന്നതെങ്കിൽ അദ്ദേഹത്തെ നാടുകടത്തില്ലെന്ന് ഫ്രഞ്ച് സാമ്പത്തിക സഹമന്ത്രി ആഗ്നസ് പന്നീർ റുനാഷർ പറഞ്ഞു. സ്വന്തം പൗരന്മാരെ നാടുകടത്താറില്ലെന്ന് ഗോസെൻറ ഫ്രഞ്ച് പൗരത്വം സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിൽ ജപ്പാനിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഗോസൻ മുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
