ലണ്ടൻ: അതിസുരക്ഷ മേഖലയായ ബ്രിട്ടീഷ് പാർലമെൻറിനു പുറത്തെ സുരക്ഷാ വേലിയിലേക്ക് കാറിടിച്ച് കയറ്റി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ പാർലമെൻറ് കെട്ടിടത്തിെൻറ സുരക്ഷക്കായി സ്ഥാപിച്ച സ്റ്റീൽ വേലിയിലേക്കാണ് കാറിടിച്ച് കയറ്റിയത്.
പാർലമെൻറ് മന്ദിരത്തിനകത്തേക്ക് കയറാനുള്ള ശ്രമമാണ് അക്രമി നടത്തിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. തീവ്രവാദ ആക്രമണമെന്ന നിലയിലാണ് സംഭവത്തെ ഇപ്പോൾ പരിഗണിക്കുന്നതെന്നും ഭീകരവിരുദ്ധ പ്രത്യേക സേനക്കാണ് അന്വേഷണ ചുമതലയെന്നും സ്കോട്ലൻഡ് യാർഡ് അറിയിച്ചു.
ഫോർഡ് ഫിയസ്റ്റയുടെ സിൽവർ നിറത്തിലുള്ള കാർ മനപ്പൂർവമെന്ന് തോന്നിക്കുന്ന രീതിയിലാണ് പാർലമെൻറ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റിയതെന്ന് ബി.ബി.സി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിേപ്പാർട്ട് ചെയ്തു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സൗത്ത് ലണ്ടൻ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ഇയാളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ നേരിട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ ധീരതയെ യു.കെ പ്രധാനമന്ത്രി തെരേസ മെയ് അഭിനന്ദിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയതായി ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു.