കസാഖ്സ്താനിൽ ബസ് കത്തി 52 പേർ മരിച്ചു
text_fieldsഅസ്താന: കസാഖ്സ്താെൻറ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ അക്റ്റാവുവിൽ ബസിന് തീപിടിച്ച് 52 ഉസ്ബെക് പൗരന്മാർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.30നാണ് അപകടം.
യാത്രക്കാരിൽ അഞ്ചു പേർ രക്ഷപ്പെട്ടു. റഷ്യൻ നഗരമായ സമാറയെയും ഉസ്ബെകിസ്താനോടടുത്തുള്ള ഷൈംകെൻറിനെയും ബന്ധിക്കുന്ന പാതയിലാണ് അപകടം.
കെട്ടിട നിർമാണാവശ്യങ്ങൾക്കായി റഷ്യയിലേക്കും തിരിച്ചും പോവുന്ന ഉസ്ബെക്ക് കുടിയേറ്റക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന പാതയാണിത്.
അപകടത്തിൽ ബസ് പൂർണമായി കത്തി നശിച്ചു. 55 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഏറെ പഴക്കമുള്ള ബസാണ് അപകടം വരുത്തിയത്. അപകട കാരണംവ്യക്തമല്ല.
കഴിഞ്ഞ ഒക്ടോബറിൽ 50 ഉസ്ബെക്കുകളുമായി യാത്രചെയ്ത കസാഖ് ബസ് റെയിൽ മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിലിടിച്ച് 17 പേർ കൊല്ലപ്പെട്ടിരുന്നു.
