ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഭിന്നത:വിദേശകാര്യ സെക്രട്ടറിയും ബ്രെക്സിറ്റ് മന്ത്രിയും രാജിവെച്ചു
text_fieldsലണ്ടൻ: ബ്രിട്ടനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും അദ്ദേഹത്തിെൻറ ഉപമന്ത്രിയും രാജിവെച്ചു. ബ്രെക്സിറ്റിനു ശേഷം സമീപകാലത്തെഏറ്റവും വലിയ പ്രതിസന്ധിയിലാണ് രാജ്യമിപ്പോൾ. ബ്രെക്സിറ്റിനുശേഷവും യൂറോപ്യൻ യൂനിയനുമായി ശക്തമായ സാമ്പത്തിക ബന്ധം തുടരാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ പദ്ധതിക്ക് ബ്രിട്ടീഷ് പാർലമെൻറ് അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഇവരുടെ രാജി പ്രഖ്യാപനം.
ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്ക് കൺസർവേറ്റിവ് പാർട്ടി അംഗങ്ങളെ ഏകോപിപ്പിക്കാനുള്ള നീക്കം തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ രാജി തീരുമാനം തെരേസ മേയ് സർക്കാറിനെ സമ്മർദത്തിലാക്കും. ജൂനിയർ ബ്രെക്സിറ്റ് മന്ത്രി സ്റ്റീവ് ബേക്കറും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് ഇവരുടെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, മേയെ അട്ടിമറിക്കാനുള്ള ശ്രമമല്ലെന്ന് ഡേവിസ് വ്യക്തമാക്കി. എല്ലാവരുടെയും രാജി മേയ് സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കാനാണ് മൂവരുടെയും നീക്കമെന്നാണ് വിലയിരുത്തൽ.
ബ്രെക്സിറ്റ് അനുകുലിയായിരുന്ന ബോറിസ് േജാൺസൺ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിെൻറ പ്രധാന എതിരാളിയായിരുന്നു. ഏവരെയും ഞെട്ടിച്ചാണ് മേയ് മന്ത്രിസഭയിൽ അദ്ദേഹം വിദേശകാര്യസെക്രട്ടറിയായി അധികാരമേറ്റത്. പ്രധാനമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിെൻറ പേര് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ബ്രെക്സിറ്റ് വ്യവസ്ഥകള്‍ മയപ്പെടുത്തിയതിനെതിരെ ഡേവിസ് എതിർത്തിരുന്നു. യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡേവിസ് ആയിരുന്നു. ബ്രെക്സിറ്റിെൻറ ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസ മേയ് കൊണ്ടുവരുന്ന മാറ്റങ്ങളെന്ന് ഡേവിസ് രാജിക്കത്തില്‍ ആരോപിക്കുന്നു.
വ്യാപാര നയങ്ങളില്‍ വരുന്ന മാറ്റത്തോടാണ് ഡേവിസ് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ്. ഇൗ മാറ്റങ്ങള്‍ ഭാവിയില്‍ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുന്നതിന് വഴിതെളിക്കുമെന്നും ഡേവിസ് രാജിക്കത്തില്‍ പറയുന്നു. എന്നാല്‍, ഡേവിസിെൻറ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് തെരേസ മേയ് നല്കിയ മറുപടി. മന്ത്രിസഭ ഒറ്റക്കെട്ടായാണ് പുതിയ തീരുമാനമെടുത്തതെന്നും മേയ് പറഞ്ഞു. രാജിയില്‍ ദുഃഖം രേഖപ്പെടുത്തിയ മേയ് ബ്രെക്സിറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും അറിയിച്ചു.2016ലാണ് ഡേവിസ് ബ്രെക്സിറ്റ് മന്ത്രിയായി അധികാരമേറ്റത്. ബ്രെക്സിറ്റിനുമുമ്പ് ബ്രിട്ടന് അത്തരമൊരു മന്ത്രിയില്ലായിരുന്നു.
തുടക്കത്തിൽ ഇ.യുവുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് നേതൃത്വം വഹിച്ചിരുന്നത് ഇൗ 69 കാരനായിരുന്നു. പിന്നീട് മേയും അവരുടെ വിശ്വസ്തരും ചർച്ചയുടെ ചുക്കാൻ പിടിച്ചെടുത്തതോടെ അദ്ദേഹത്തിെൻറ സ്വാധീനം കുറയാൻ തുടങ്ങി. എന്നാൽ, പൊതുജനത്തിനുമുമ്പിൽ പ്രധാനമന്ത്രിയുടെ വിശ്വസ്തനായി ഡേവിസ് തുടർന്നു. നിരവധി തവണ രാജിഭീഷണി മുഴക്കിയിരുന്നു.ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടൻ ഇ.യു വിടണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെത്തും മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
2005ൽ കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഡേവിഡ് കാമറണിനോട് പരാജയപ്പെട്ടു. 2010 കൺസർവേറ്റിവ് പാർട്ടി അധികാരത്തിലെത്തിയപ്പോഴും ഡേവിസിന് മന്ത്രിസ്ഥാനമൊന്നും നൽകിയിരുന്നില്ല. ഹിതപരിശോധന പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തേമറ്റ് കാമറൺ പ്രധാനമന്ത്രി പദം ഒഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ മന്ത്രിസഭയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
