You are here
ബ്രിട്ടൻ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്?
ബ്രെക്സിറ്റ് നീട്ടുന്നതിൽ യൂറോപ്യൻ യൂനിയൻ തീരുമാനമെടുക്കും
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്ന ബ്രെക്സിറ്റ് മൂന്നുമാസത്തേക്ക് നീട്ടാൻ യൂറോപ്യൻ യൂനിയന് അനുമതി നൽകിയാൽ രാജ്യത്ത് ഉടൻ പൊതുതെരെഞ്ഞടുപ്പ് പ്രഖ്യാപിക്കാനുറച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
2020 ജനുവരി 31 വരെ ബ്രെക്സിറ്റിനു യൂറോപ്യൻ യൂനിയൻ സമയം നൽകുകയാണെങ്കിൽ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന് പ്രതിപക്ഷമായ ലേബർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ 27 ഇ.യു അംഗരാജ്യങ്ങൾ ബ്രസൽസിൽ യോഗംചേരും. നീട്ടുന്നതിന് എതിരുനിൽക്കില്ലെന്നാണ് ജർമനി അറിയിച്ചത്. സമ്മർദങ്ങൾക്കൊടുവിലാണ് ബോറിസ് ബ്രെക്സിറ്റിെൻറ സമയം നീട്ടിനൽകണമെന്നഭ്യർഥിക്കുന്ന കത്ത് യൂറോപ്യൻ യൂനിയന് കൈമാറിയത്.
ഭിന്നിച്ചുപോയ പാർലമെൻറിൽ ബ്രെക്സിറ്റ് കരാറിൻ മേൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ എം.പിമാരുടെ പിന്തുണനേടാനായെങ്കിലും ബോറിസ് ജോൺസെൻറ സന്തോഷത്തിന് അൽപായുസ്സായിരുന്നു. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ബ്രെക്സിറ്റ് കരാറിന് അനുകൂലമായി പാർലമെൻറ് പ്രതികരിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പിൽ കരാറിൽ 299 നെതിരെ 329 അംഗങ്ങളുടെ പിന്തുണയാണ് ബോറിസ് ജോൺസൺ ഉറപ്പിച്ചത്.
എന്നാൽ, എത്രയും പെട്ടെന്ന് കരാറിൽ ചർച്ച പൂർത്തിയാക്കി നിയമനിർമാണം നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പാർലമെൻറ് തള്ളിയതോടെ പ്രതീക്ഷ അസ്ഥാനത്തായി.