ബ്രസീലിലെ ജയിലില്‍ ഏറ്റുമുട്ടൽ: 52 പേർ കൊല്ലപ്പെട്ടു; 16 മൃതദേഹങ്ങൾ തലയറുത്ത നിലയിൽ
text_fieldsസാവോപോളോ: ബ്രസീലിലെ ജയിലില്‍ മാഫിയ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 തടവു കാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൾട്ടമിറ ജയിലിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തി യതെന്ന് ജയിൽ അധികൃതർ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാന്‍ഡോ ക്ലാസ് എയിലെയും റെഡ് കമാൻഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്.
സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ ശ്വാസം മുട്ടിയും മരിച്ചു. രണ്ട് ജയിൽ ജീവനക്കാരെ കലാപകാരികൾ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സർക്കാർ അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, ബാങ്ക് കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായ മാഫിയകളാണ് ജയിലില്‍ ഏറ്റുമുട്ടിയ സംഘങ്ങൾ. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.
കഴിഞ്ഞ മേയിൽ വടക്കേ ആമസോണാസിലെ ജയിലിൽ ഉണ്ടായ സംഘർഷത്തിൽ 55 തടവുകാർ കൊല്ലപ്പെട്ടിരുന്നു. 2017 ൽ ആമസോണാസിലെ ജയിലിൽ ഒരാഴ്ച നീണ്ടു നിന്ന ലഹരിമാഫിയ സംഘർഷത്തിൽ 150 തടവുകാരാണ് കൊല്ലപ്പെട്ടത്.