ആസ്ട്രേലിയൻ ഭരണകക്ഷിയിൽ അട്ടിമറി: സ്കോട്ട് മോറിസൺ പ്രധാനമന്ത്രി
text_fieldsസിഡ്നി: ആസ്ട്രേലിയയിൽ വീണ്ടും ഭരണതലപ്പത്ത് മാറ്റം. ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് നിലവിലെ പ്രധാനമന്ത്രി മാൽകം ടേൺബുള്ളിന് സ്ഥാനം തെറിച്ചത്. ട്രഷറർസ്ഥാനം വഹിക്കുന്ന സ്കോട്ട് മോറിസൺ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഉൾപാർട്ടി കലാപത്തെ തുടർന്ന് കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ സ്ഥാനംതെറിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയായിരിക്കുകയാണ് ടേൺബുൾ.
പാർട്ടി എം.പിമാരിൽ 45പേരുടെ പിന്തുണയോടെയാണ് മോറിസൺ പുതിയ പദവിയിലേക്കെത്തുന്നത്. ഇദ്ദേഹത്തിെൻറ എതിരാളിയായി മത്സരിച്ച പീറ്റർ ഡറ്റണ് 40വോട്ട് മാത്രമാണ് ലഭിച്ചത്.
ടേൺബുള്ളിനെതിരെ പാർട്ടിയിൽ നിലയുറപ്പിച്ചവരിൽ പ്രധാനിയാണ് ഡറ്റൺ. വീണ്ടും പ്രധാനമന്ത്രിയാകുന്നതിനുള്ള തെരഞ്ഞെടുപ്പിൽനിന്ന് ടേൺബുൾ മാറിനിൽക്കുകയായിരുന്നു. താൻ പാർലമെൻറ് അംഗത്വത്തിൽനിന്ന് വൈകാതെ രാജിവെക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ടേൺബുൾ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന അഭിപ്രായ സർവേ റിപ്പോർട്ടുകളും ഉപതെരഞ്ഞെടുപ്പ് പരാജയങ്ങളുമാണ് പാർട്ടിയിൽ ടേൺബുള്ളിന് പിന്തുണ നഷ്ടപ്പെടുത്തിയത്. ഇദ്ദേഹത്തിെൻറ ഉൗർജ നയത്തിൽ പാർട്ടിയിലെ കൺസർവേറ്റിവ് വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നതും തിരിച്ചടിയായി. കൺസർവേറ്റിവ് വിഭാഗത്തിെൻറ പിന്തുണയോടെയാണ് മോറിസെൻറ അധികാരാരോഹണം.
കഴിഞ്ഞ വർഷം പാർലമെൻറിെൻറ മുന്നിലെത്തിയ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്ന നിയമത്തെ എതിർത്തയാളാണ് ഇദ്ദേഹം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന വരൾച്ച പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് മോറിസൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രധാനമന്ത്രിമാർ മൂന്നുവർഷം പോലും തികക്കാതെ മാറുന്നത് രാജ്യത്ത് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രാജ്യത്തിെൻറ പ്രധാനമന്ത്രിയാകുന്ന 30ാമത്തെ ആളാണ് മോറിസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
