ബൂതിഫ്ലികയുടെ രാജി:അൽജീരിയയിൽ ആഘോഷം
text_fieldsഅൽജിയേഴ്സ്: രണ്ടു പതിറ്റാണ്ടുനീണ്ട വാഴ്ച അവസാനിപ്പിച്ച് പ്രസിഡൻറ് അബ്ദുൽ അസീസ് ബൂതഫ്ലീഖ രാജിവെച്ചത് ആഘോഷമാക്കി അൽജീരിയൻ ജനത. പതാക പറത്തിയും പ്രകടന ങ്ങളായും നൂറുകണക്കിന് പേരാണ് ആഹ്ലാദം പങ്കുവെച്ച് തലസ്ഥാനത്തും മറ്റിടങ്ങളിലു ം തെരുവിലിറങ്ങിയത്.
ആഴ്ചകളായി പ്രക്ഷോഭമുഖത്തുള്ള ആയിരങ്ങളുടെ ആവശ്യം മാനിച്ച് സൈന്യം നൽകിയ അന്ത്യശാസനക്കു വഴങ്ങിയാണ് കഴിഞ്ഞ ദിവസം 82കാരനായ ബൂതഫ്ലീഖ രാജി നൽകിയത്. വർഷങ്ങളായി പൊതുജനമധ്യേ എത്താത്ത പ്രസിഡൻറ് രാജിനൽകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. പ്രസിഡൻറ് അധികാരമൊഴിഞ്ഞതോടെ 90 ദിവസത്തിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് പാർലമെൻറ് ഉന്നത സഭയുടെ പ്രസിഡൻറ് അബ്ദുൽ ഖാദിർ ബിൻസലാഹിെൻറ നേതൃത്വത്തിൽ തുടക്കമായിട്ടുണ്ട്. 1994-99 കാലത്ത് പ്രസിഡൻറായിരുന്ന അൽയമീൻ സിർവാലിനാണ് താൽക്കാലിക ചുമതല. അതിനിടെ, അധികാരമൊഴിഞ്ഞ ബൂതഫ്ലീഖയുടെ വിശ്വസ്തരെ കഴിഞ്ഞ ദിവസം മന്ത്രിമാരാക്കി നിയമിച്ചത് പിന്നാമ്പുറത്ത് അധികാരം നിലനിർത്തുന്നതിെൻറ ഭാഗമായാണെന്ന് ആക്ഷേപമുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് നടന്ന് പുതിയ അധികാരി ഭരണമേറ്റെടുത്താലും രാജ്യത്ത് ജനാധിപത്യം എളുപ്പം നടപ്പാക്കാനാകില്ലെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈജിപ്തിൽ ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടതിനു സമാനമായ സ്ഥിതി അൽജീരിയയിലും രൂപമെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.
പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായിട്ടും 30 വയസ്സിൽ താഴെയുള്ള 70 ശതമാനം പേരും രാജ്യത്ത് തൊഴിലില്ലാത്തവരാണ്. പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയമായാൽ ആഭ്യന്തര സംഘർഷത്തിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന ഭീതിയും നിലനിൽക്കുന്നു.
പലായനവും കുടിയേറ്റവും സാധ്യതയായതിനാൽ യൂറോപ്യൻ അയൽക്കാരായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവയും ആശങ്കയിലാണ്.