അലപ്പോയിലും ദര്‍ആയിലും വീണ്ടും ആക്രമണം; 11 മരണം
text_fieldsഡമസ്കസ്: അമേരിക്കയുടെയും റഷ്യയുടെയും മുന്‍കൈയില്‍ സിറിയയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ പരാജയത്തിലേക്ക്. കഴിഞ്ഞ ദിവസം വിമത സ്വാധീന മേഖലകളായ അലപ്പോയിലും ദര്ആയിലുമുണ്ടായ വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കുട്ടിയും സ്ത്രീയുമുള്‍പ്പെടെ 11 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. ഒരാഴ്ചയാണ് വെടിനിര്‍ത്തല്‍ കാലാവധിയെന്ന് നേരത്തേതന്നെ സിറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ ദിവസങ്ങള്‍ക്കിടയില്‍ തന്നെ വിമതരും ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്ന സര്‍ക്കാര്‍ സൈന്യവും വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കയാണ്.
ശനിയാഴ്ച അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ സാമന്ത പവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
അതിനിടെ, മേഖലയില്‍ വിമതരോട് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ളെന്ന് റഷ്യന്‍ പ്രതിരോധകാര്യ മന്ത്രാലയം വക്താവ് മേജര്‍ ആരോപിച്ചു.
