അഭയാര്‍ഥികള്‍ക്ക് ഇവിടം സ്വര്‍ഗം: കിലിസിന് നൊബേല്‍ പുരസ്കാരം കിട്ടണം
text_fieldsകിലിസ് (തുര്‍ക്കി): സ്വന്തം നാട്ടുകാരെക്കാള്‍ അഭയാര്‍ഥികള്‍ക്ക് ഇടംനല്‍കിയ തുര്‍ക്കി നഗരമായ കിലിസിന് സമാധാന നൊബേല്‍ നാമനിര്‍ദേശം. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കിലിസിലെ ജനങ്ങളുടെ വലിയ മനസ്സാണ് നൊബേല്‍ നാമനിര്‍ദേശംകൊണ്ട് ആദരിക്കപ്പെടുന്നത്. യുദ്ധമുഖത്തുനിന്ന് ഓടിപ്പോന്ന 1,20,000 അഭയാര്‍ഥികള്‍ക്കാണ് 90,000 മാത്രം ജനസംഖ്യയുള്ള കിലിസ് നഗരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഭയം നല്‍കിയത്. യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെ വമ്പന്‍ വന്‍കരകള്‍ അഭയാര്‍ഥികള്‍ക്കുനേരെ മുഖംതിരിക്കുമ്പോഴാണ് ഈ കൊച്ചുനഗരം സ്നേഹത്തിന്‍െറയും സമാധാനത്തിന്‍െറയും വാതായനങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നിട്ടത്. മനുഷ്യാവകാശ സംരക്ഷണത്തിന്‍െറ ഉത്തമ മാതൃക ലോകത്തിന് കാണിച്ചുകൊടുത്ത തങ്ങള്‍ക്ക് എന്തുകൊണ്ടും സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്ന് കിലിസ് നഗരത്തിന്‍െറ മേയര്‍ ഹസന്‍ കാര പറയുന്നു. തങ്ങള്‍ ചെയ്ത നല്ല പ്രവൃത്തി യൂറോപ്യന്‍ യൂനിയനും യു.എന്നിലെ മുഴുവന്‍ അംഗങ്ങളും തിരിച്ചറിയണം.
അതിന് നല്ല മാര്‍ഗം സമാധാന നൊബേല്‍ ലഭിക്കുകയെന്നതാണ്. അഭയാര്‍ഥികളുടെ ഒഴുക്ക് എത്ര സമാധാനപരമായി കൈകാര്യം ചെയ്തുവെന്ന് നേരിട്ടുകാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെയും അവര്‍ കിലിസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തോളം അഭയാര്‍ഥികളെ ജര്‍മനി സ്വീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികളുള്ളത് തുര്‍ക്കിയിലാണ് -രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ മാത്രം 27 ലക്ഷം. അനധികൃതമായി യൂറോപ്പിലേക്കു കടക്കുന്ന അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ അടുത്തിടെ തുര്‍ക്കി സമ്മതിച്ചിരുന്നു. ഇവര്‍ക്കായി ചെലവഴിക്കാന്‍ 330 കോടി യു.എസ് ഡോളര്‍ യൂറോപ്പ് അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
