ഭീകരവിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് മന്ത്രി രാജിവെച്ചു
text_fieldsപാരിസ്: ഭീകരക്കുറ്റം ചുമത്തപ്പെട്ട പ്രതികളുടെ പൗരത്വം റദ്ദാക്കുന്നതുള്‍പെടെ കടുത്ത വ്യവസ്ഥകളുള്ള പുതിയ ഭീകരവിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ മന്ത്രി രാജിവെച്ചു. നീതിന്യായ മന്ത്രി ക്രീസ്റ്റീന്‍ ടോബിറയാണ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് കൊണ്ടുവന്ന ബില്‍ പാര്‍ലമെന്‍റ് കമീഷന്‍ ചര്‍ച്ചചെയ്യുന്നതിന് തൊട്ടുമുമ്പായി രാജി സമര്‍പ്പിച്ചത്. മന്ത്രിയുടെ രാജി സ്ഥിരീകരിച്ച പ്രസിഡന്‍റ്, ബില്ലിന്‍െറ കടുത്ത അനുകൂലിയായ ജീന്‍ ജാക്വസ് ഉര്‍വോസിന് ചുമതല നല്‍കിയിട്ടുണ്ട്. നിലവിലെ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ ബില്ലിനെക്കുറിച്ച് നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് രാജിയോടെ മറനീക്കി പുറത്തുവന്നത്.
ജന്മസ്ഥലത്തിന്‍െറ പേരിലുള്ള ദേശീയാവകാശത്തിന്‍െറ പ്രശ്നമാണിതെന്നും ചിലപ്പോള്‍ രാജിവെക്കലാകും പ്രതിഷേധത്തിന്‍െറ വഴിയെന്നും ടോബിറ പിന്നീട് പറഞ്ഞു. നവംബര്‍ 13ന് നടന്ന പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രൂപകല്‍പന ചെയ്ത പൗരത്വ ബില്ലിനെ തീവ്ര വലതുപക്ഷവും യാഥാസ്ഥിതിക വിഭാഗവും അനുകൂലിക്കുമ്പോള്‍ സോഷ്യലിസ്റ്റുകളില്‍ ഭൂരിഭാഗവും എതിര്‍ക്കുന്നു. പൗരസ്വാതന്ത്ര്യത്തിന് ഏറെ വിലകല്‍പിക്കുന്ന ഫ്രാന്‍സില്‍ ആക്രമണത്തിനു ശേഷം നിലനില്‍ക്കുന്ന അടിയന്തരാവസ്ഥക്കു തുല്യമായ സാഹചര്യത്തിനെതിരെയും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
തീവ്രവാദക്കുറ്റം ചുമത്തപ്പെട്ടവര്‍ വിദേശത്തു ജനിച്ചവരെങ്കില്‍ അവരുടെ പൗരത്വം എടുത്തുകളയാന്‍ ഫ്രഞ്ച് നിയമത്തില്‍ നേരത്തെ വകുപ്പുകളുണ്ട്. രാജ്യത്ത് ജനിച്ചവരുടെ പൗരത്വവും എടുത്തുകളയാന്‍ അനുമതി നല്‍കുന്നതാണ് പുതിയതായി അവതരിപ്പിക്കപ്പെട്ട നിയമം. പക്ഷേ, ഇതും ഇരട്ടപൗരത്വമുള്ളവര്‍ക്കാകും ബാധകമാകുക. അല്ലാത്തവരുടെ പൗരത്വം എടുത്തുകളയാന്‍ രാജ്യാന്തര നിയമം അനുവദിക്കുന്നില്ല.
പാര്‍ലമെന്‍ററി കമീഷനില്‍ നടക്കുന്ന ചര്‍ച്ചക്കു ശേഷം അധോസഭയില്‍ ഫെബ്രുവരി അഞ്ചിനും തുടര്‍ന്ന് സെനറ്റിലും ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇതിനു ശേഷമാകും ഇരുസഭകളെയും വിളിച്ചുവരുത്തി വോട്ടിനിടല്‍. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ നിയമമാകൂ. പുതുതായി ചുമതല നല്‍കിയ ഉര്‍വോസാണ് ബില്ലിലെ വ്യവസ്ഥകള്‍ രൂപകല്‍പന ചെയ്തതെന്ന സവിശേഷതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
