മലേഷ്യന്‍ വിമാനം തിരയാന്‍ കടലിലിറക്കിയ സോണാര്‍ വാഹനം കാണാതായി
text_fieldsസിഡ്നി: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370നായി കടലിനടിയില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന സോണാര്‍ വാഹനം കാണാതായെന്ന് റിപ്പോര്‍ട്ട്. കടലിനടിയിലെ അഗ്നിപര്‍വതത്തിലിടിച്ചാണ് വാഹനം കാണാതായതെന്ന് ആസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ തെക്കുഭാഗത്തായാണ് തിരച്ചില്‍ വാഹനം മുങ്ങിയത്.
ടോഫിഷ് എന്നറിയപ്പെടുന്ന സോണാര്‍ വാഹനം കേബ്ള്‍കൊണ്ട് ഫഗ്രോ ഡിസ്കവറി എന്ന കപ്പലിലാണ് ബന്ധിപ്പിച്ചിരുന്നത്. തിരച്ചില്‍ നടത്താനുള്ള ഉപകരണങ്ങള്‍ ഇതിന്മേല്‍ ബന്ധിപ്പിച്ചിരുന്നു. ജലോപരിതലത്തില്‍നിന്ന് 2200 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വതത്തിലിടിച്ച് സോണാര്‍ വാഹനത്തിന്‍െറ കേബ്ള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് ജോയന്‍റ് ഏജന്‍സി കോഓഡിനേഷന്‍ സെന്‍റര്‍ പറഞ്ഞു. 2014 മാര്‍ച്ച് എട്ടിന് 239 പേരുമായി ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പറക്കുന്നതിനിടയില്‍ അപ്രത്യക്ഷമായ ബോയിങ് 777 വിമാനം തിരയുന്നതില്‍ മുന്‍പന്തിയിലായിരുന്നു ആസ്ട്രേലിയ.
