നികുതിവെട്ടിച്ച് വമ്പന്മാര്‍; ലോകത്തിന് നടുക്കം
text_fieldsപാനമ സിറ്റി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍... നികുതിയില്‍നിന്ന് രക്ഷതേടി നേരിട്ടും കുടുംബാംഗങ്ങളുടെ പേരിലും വിദേശത്തെ രഹസ്യകേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തിയ ലോക നേതാക്കളുടെ പട്ടികയിലേറെയും വമ്പന്‍ സ്രാവുകള്‍. 200 ഓളം രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ നാലു പതിറ്റാണ്ടത്തെ രഹസ്യ നിക്ഷേപങ്ങളുടെ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വ്ളാദ്മിര്‍ പുടിന്‍െറ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരില്‍ മാത്രം 200 കോടി ഡോളര്‍ രഹസ്യനിക്ഷേപമുള്ളതായാണ് കണക്ക്. പാനമയില്‍ തുടങ്ങി സ്വിറ്റ്സര്‍ലന്‍ഡ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങള്‍ വഴി റഷ്യന്‍ ബാങ്കിലത്തെുന്നതാണ് പുടിന്‍െറ അനധികൃത സാമ്പത്തിക വിനിമയങ്ങള്‍. ഉറ്റസുഹൃത്ത് സെര്‍ജി റോള്‍ഡുഗിന്‍െറ പേരിലായിരുന്നു ഇവയിലേറെയും. അര്‍കാഡി, ബോറിസ് റോടെന്‍ബര്‍ഗ് എന്നീ സുഹൃത്തുക്കളും സംശയിക്കപ്പെടുന്നുണ്ട്.
പാകിസ്താനിലെ അതിസമ്പന്നരിലൊരാളായി ഗണിക്കപ്പെടുന്ന പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പേര് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തിനകത്തും ബ്രിട്ടനിലുള്‍പ്പെടെ വിദേശത്തും വന്‍തോതില്‍ സമ്പാദ്യമുള്ള നവാസ് ശരീഫിന്‍െറ മക്കള്‍ നികുതി വെട്ടിക്കാന്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നാലു വ്യാജ കമ്പനികള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ലണ്ടന്‍ ഹൈഡ് പാര്‍ക്കിനഭിമുഖമായി ആറ് ആഡംബര ഭവനങ്ങള്‍ സ്വന്തമാക്കി അവയില്‍ നാലെണ്ണത്തിന് ഈ വ്യാജ കമ്പനികള്‍ വഴി ഫണ്ടൊഴുക്കിയതായാണ് ആരോപണം. നവാസ് ശരീഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോക്കെതിരെയും ആരോപണമുണ്ട്.
ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണിനെതിരെ ആരോപണമുയര്‍ന്നതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ പിതാവ്, മുതിര്‍ന്ന ഭരണകക്ഷി എം.പിമാര്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ്ങിന്‍െറ ഭാര്യാ സഹോദരന്‍, ചോക്ളറ്റ് രാജാവ് എന്നു വിളിക്കപ്പെടുന്ന യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ, ചില അറബ് ഭരണ പ്രതിനിധികള്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചവരാണ്.
ചൈനയില്‍ പാനമയെക്കുറിച്ച് മിണ്ടരുത്
പ്രസിഡന്‍റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ഭരണരംഗത്തെ പ്രമുഖര്‍ നികുതിവെട്ടിക്കാന്‍ വിദേശത്ത് പണം നിക്ഷേപിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ഇതേക്കുറിച്ച വാര്‍ത്തകള്‍ക്കും മാധ്യമ ചര്‍ച്ചകള്‍ക്കും ചൈനയില്‍ അപ്രഖ്യാപിത വിലക്ക്.
സാമൂഹിക മാധ്യമങ്ങളായ സിനാ വെയ്ബോ, വിചാറ്റ് എന്നിവയിലുള്‍പ്പെടെ ഇതുസംബന്ധിച്ചുവന്ന നിരവധി പോസ്റ്റുകള്‍ മണിക്കൂറുകള്‍ക്കകം മായ്ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒൗദ്യോഗിക മാധ്യമങ്ങള്‍ക്ക് പ്രാമുഖ്യമുള്ളതിനാല്‍ പാനമ വെളിപ്പെടുത്തലുകള്‍ മറ്റിടങ്ങളില്‍ കാര്യമായി വെളിച്ചംകണ്ടിട്ടുമില്ല. ജിന്‍പിങ്ങിന്‍െറ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഡെങ് ജിയഗുയിയാണ് പുറത്തുവന്ന പട്ടികയില്‍ ചൈനയില്‍നിന്നുള്ള പ്രധാനി. ഷി ജിന്‍പിങ് ഭരണത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ചുവടുവെച്ചുതുടങ്ങിയ 2009ലാണ് ഡെങ് രണ്ടു കമ്പനികള്‍ വിദേശത്തെ ദ്വീപുകളില്‍ തുടങ്ങുന്നത്. 2012ല്‍ പ്രസിഡന്‍റായി അധികാരമേറ്റതോടെ ഇവ നിശ്ചലമാവുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയിലെ ചില പ്രമുഖരും പട്ടികയില്‍ ഇടംപിടിച്ചതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
