Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎന്താണ് പനാമ രേഖകൾ?...

എന്താണ് പനാമ രേഖകൾ? എന്താണ് മൊസാക് ഫൊൺസേക?

text_fields
bookmark_border
എന്താണ് പനാമ രേഖകൾ? എന്താണ് മൊസാക് ഫൊൺസേക?
cancel

പനാമയിൽ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളാണ് അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ ചർച്ച. വ്യവസായികളെ മുതൽ രാഷ്ട്രനേതാക്കളെ വരെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളുള്ള രേഖകളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, റഷ്യൻ പ്രസിഡൻറ് വ്ലാഡ് മിർ പുടിൻ ഫുട്ബാൾ സൂപ്പർ താരം ലിയോ മെസ്സി എന്നിവർ മുതൽ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, വ്യവസായി ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വരെ കള്ളപ്പണ നിക്ഷേപമുള്ളതായി രേഖകൾ പറയുന്നു.

ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ്  രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇത് ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്സ്  ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. ഇന്ത്യയിൽ ഇന്ത്യൻ എക്സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്. പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിൻെറ രേഖകളാണ് ചോർത്തിയത്. മൊസ്സാക് ഫൊൺസേക എന്താണെന്നും അവർ ചെയ്യുന്നതെന്താണെന്നും സംബന്ധിച്ച ചെറിയൊരു കുറിപ്പ്

എന്താണ് മൊസാക് ഫൊന്‍സെക

പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസഹായ സ്ഥാപനമാണ് മൊസാക്ക് ഫൊൺസേക. വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളിൽ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വാർഷിക ഫീസ് വാങ്ങിയാണ് ഇവർ സേവനം ചെയ്യുന്നത്. കമ്പനികളുടെ സ്വത്തും സമ്പത്തും കൈകാര്യം ചെയ്യുന്നതും ഇവരുടെ ജോലിയാണ്.

എവിടെയാണ് ആസ്ഥാനം

മധ്യ അമേരിക്കൻ രാജ്യമായ പനാമ ആസ്ഥാനമായാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. എന്നാൽ ലോമെമ്പാടും ഇതിൻെറ ഏജൻസികൾ  പ്രവർത്തിക്കുന്നു. 42 രാജ്യങ്ങളിലായി 600  പേർ തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നതായി കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ലോകം മുഴുവൻ ഇവർക്ക് ഫ്രാഞ്ചൈസികളുണ്ട്. വെവ്വെറെ ഏജൻസികളാണ് ഇവിടെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത്. ഈ ഏജൻസികൾക്ക് ഫൊൺസേക ബ്രാൻഡ് ഉപയോഗിക്കാൻ അധികാരമുണ്ട്. കുറഞ്ഞ നികുതികൾ ഈടാക്കുന്ന രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, സൈപ്രസ് ആൻഡ് ബ്രിട്ടീഷ് വിർജിനിയ ഐലൻഡ്സ്, ബ്രിട്ടീഷ് രാജ്ഞിയെ ആശ്രയിക്കുന്ന രാജ്യങ്ങളായ ഗ്വെറൻസി, ജെഴ്സി, മാൻ ഐലൻഡ് എന്നിവിടങ്ങളിൽ ഇതിൻെറ ഓഫീസ് പ്രവർത്തിക്കുന്നു.

സമ്പത്തിൻെറ കൈമാറ്റം

രണ്ട് ലക്ഷം കമ്പനികൾക്കായാണ് മൊസാക് ഫൊൺസേക രജിസ്റ്റേഡ് ഏജൻറായി പ്രവർത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ നിയമപരമായും എന്നാൽ പേരു വെളിപ്പെടുത്താതെയും ഇവർ സൂക്ഷിക്കുന്നു. ഈ രീതിയിൽ കമ്പനികളുടെ സമ്പത്തും ഇവരുടെ കൈയിൽ ഭദ്രമായിരിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും താത്പര്യമുള്ള രാജ്യങ്ങൾ താഴെയുള്ള ഗ്രാഫിക്സിൽ നിന്നും മനസ്സിലാക്കാം. ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സിലാണ് ഏറ്റവും കടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം കമ്പനികളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.


മധ്യസ്ഥൻമാർ

കമ്പനികളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് പകരം മധ്യവർത്തികളുടെ നിർദേശമനുസരിച്ചാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. അക്കൗണ്ടൻറുകൾ, അഭിഭാഷകർ, ബാങ്കുകൾ, ട്രസ്റ്റ് കമ്പനികൾ എന്നിവയിൽ നിന്നാണ് സാധാരണ മൊസാക് ഫൊൺസേക കമ്പനി നിർദേശങ്ങൾ സ്വീകരിക്കുന്നത്. യൂറോപ്പിൽ ഈ മധ്യവർത്തികൾ പ്രവർത്തിക്കുന്നത് സ്വിറ്റ്സർലൻഡ്, ജെഴ്സി, ലക്സംബർഗ്, ബ്രിട്ടൺ എന്നിവിടങ്ങളിലാണ്.

നിഗൂഢമായി പ്രവർത്തിക്കുന്ന കമ്പനികൾ

എവിടെ നിന്നാണ് ഈ പണം വരുന്നത്. ഈ വിവരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. നോമിനികളെ മുന്നിൽവെച്ചാണ് കമ്പനികൾ രേഖകൾ ശരിയാക്കുന്നത്. ഈ നോമിനികൾക്ക് കമ്പനിയിലെ സ്വത്തുക്കളിൽ ഒരു തരത്തിലുള്ള അവകാശവും ഇല്ല. അവർക്ക് ഒപ്പിടേണ്ട ചുമതല മാത്രമേയുള്ളൂ. 13,000 കമ്പനികളുടെ കണക്കെടുത്തപ്പോൾ ഇവർ ആസ്ഥാനമാക്കിയ പ്രദേശങ്ങളുടെ സൂചന മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. ഇതനുസരിച്ച് ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഭൂരിപക്ഷവും.

ഇത് എത്ര വലുതാണ്

ചെറുരാജ്യങ്ങളിൽ നിക്ഷേപത്തിനായി സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ് മൊസ്സാക് ഫൊൺസേക. 300000 കമ്പനികൾക്കുവേണ്ടി ഇവർ സഹായം ചെയ്തുകൊടുക്കുന്നുണ്ട്. ഇവർക്ക് ബ്രിട്ടനിൽ ശക്തമായ വേരോട്ടമാണുള്ളത്. പകുതിയോളം കമ്പനികൾ രജിസ്റ്റർ ചെയ്തത് ബ്രിട്ടൻെറ അധീനതയിലുള്ള നികുതിളവുള്ള രാജ്യങ്ങളിലാണ്.

എത്രത്തോളം വിവരങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്

വലിയ രീതിയുള്ള ഡാറ്റ ചോർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2010ലെ വികിലീക്സ് രേഖകൾ ചോർന്നതും 2013ൽ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട രേഖകളും ഇതിന് പിന്നിലാണ്. വികിലീക്സ് പുറത്തുവിട്ടത് 1.7 ജി.ബി ഡാറ്റയാണ്. ഒരു കോടി പതിനഞ്ച് ലക്ഷം രേഖകളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. 2600 ജി.ബിയോളം വരുന്ന ഡാറ്റയാണ് ഇപ്പോൾ പുറത്തായത്. ഫൊൺസേകയുടെ ഇൻറേണൽ ഡാറ്റാബേസിൽ നിന്നാണ് ഇത് ചോർത്തിയത്.

ഇത്തരം നിക്ഷേപമാർഗങ്ങൾ സ്വീകരിക്കുന്ന എല്ലാവരും വഞ്ചകരാണോ?

അല്ല. തീർത്തും നിയമപരമയാണ് ഈ ഇടപാടുകൾ നടക്കുന്നത്. ന്യായമായ കാരണങ്ങളാൽ ഈ സംവിധാനം ഉപയോഗിക്കുന്നവരുണ്ട്. റഷ്യയിലെയും യുക്രെയ്നിലെയും വ്യവസായികൾ കൊള്ളക്കാരിൽ നിന്നും സംരക്ഷണം നേടിയാണ് ഈ നിക്ഷേപ സംവിധാനം ഉപയോഗിക്കുന്നത്. കടുത്ത കറൻസി നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാനും ഇത് ഉപയോഗപ്പെടുത്തുന്നു.

മൊസാക് ഫൊൺസേകക്ക് എന്താണ് പറയാനുള്ളത്

ആരോപണവിധേയരായ കമ്പനികളെ പറ്റി ചർച്ച ചെയ്യാറില്ലെന്ന് ഫൊൺസേക പറയുന്നു. കമ്പനികളുടെ പേര്  രഹസ്യമായി സൂക്ഷിക്കും. എല്ലാ കമ്പനികളെയും വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നു. ഈ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെന്നും മൊസാകേ ഫൊൺസേക അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panama papers
Next Story