മാനഭംഗമടക്കം കേസുകളിൽ പ്രതിയായ മലയാളി മാവോയിസ്റ്റ് കുറ്റക്കാരൻ
text_fieldsലണ്ടൻ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനമടക്കമുള്ള കേസുകളിൽ ലണ്ടനിൽ മലയാളി മാവോയിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം സ്വദേശി അരവിന്ദൻ ബാലകൃഷ്ണനെയാണ് ലണ്ടനിലെ സൗത്ത്വാർക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടത്തിയത്. സ്വന്തം മകളെ 30 വർഷം തടവിൽ പാർപ്പിച്ചതടക്കമുള്ള കുറ്റമാണ് 'കോമ്രേഡ് ബാല' എന്നറിയപ്പെടുന്ന 75കാരനായ അരവിന്ദൻ ബാലകൃഷ്ണനെതിരെയുള്ളത്. ഇയാൾക്കെതിരെയുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ബലാത്സംഗം അടക്കം 16 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലകൃഷ്ണൻ രൂപീകരിച്ച സ്വകാര്യ കൂട്ടായ്മയിൽ പീഡനങ്ങൾ പതിവാണെന്ന് മകൾ തന്നെയാണ് പുറത്തു പറഞ്ഞത്. തനിക്ക് കീഴിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് കോടതി പറഞ്ഞു. അസുഖം വന്നാൽ ഡോക്ടറെ കാണാൻ പോലും വീട്ടിൽ നിന്ന് പുറത്ത് പോകാൻ മകളെ അനുവദിച്ചിരുന്നില്ല. മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കോടതി കണ്ടെത്തി. രണ്ട് വർഷം മുമ്പാണ് 30 വയസ്സുള്ള മകൾ ഇയാളുടെ അടുത്ത് നിന്നും രക്ഷപ്പെട്ടത്. പ്രമേഹം മൂർഛിച്ച നിലയിലായിരുന്നു ഇവിടം വിട്ടത്.
വീടിനു പുറത്തിറങ്ങിയാൽ മിന്നലേറ്റ് മരിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ താൻ ആത്മഹത്യ ചെയ്യുമായിരുന്നു. വർഷങ്ങളോളം താനാണ് ദൈവമെന്നായിരുന്നു ബാലകൃഷ്ണൻ പറഞ്ഞത്. തനിക്കെതിരെ പറഞ്ഞാൽ ജാക്കി എന്നയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു. 'ഫ്രാൻ' എന്ന അപരനാമത്തിലാണ് ഇവർ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത്.
ദക്ഷിണ ലണ്ടനിൽ 1970കളിൽ പ്രവർത്തിച്ചിരുന്ന വർക്കേഴ്സ് ലീഗ് എന്ന ഗ്രൂപ്പിലായിരുന്നു ബാലകൃഷ്ണൻ പ്രവർത്തിച്ചത്. ബല്ല എന്നായിരുന്നു അവിടുത്തെ മാവോയിസ്റ്റ് പാർട്ടി വൃത്തങ്ങളിൽ ബാല അറിയപ്പെട്ടിരുന്നത്. 1963ലാണ് സിംഗപ്പൂരിൽ നിന്നും ബാലകൃഷ്ണൻ ലണ്ടനിൽ എത്തിയത്. സായുധ പോരാട്ടത്തിനുള്ള നീക്കങ്ങൾ നടത്തിയതിനെ തുടർന്ന് 1973ൽ ഇംഗ്ലണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടാണ് രഹസ്യമായി പ്രവർത്തിക്കാൻ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
