ഫ്രാൻസിലെ സ്കൂളിൽ വെടിവെപ്പ്; ഐ.എം.എഫ് ഒാഫീസിൽ ലെറ്റർബോംബ് പൊട്ടിത്തെറി
text_fieldsപാരിസ്: തെക്കൻ ഫ്രാൻസിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ടു പേർക്ക് പരിക്കേറ്റു. സ്കൂളിലെ പ്രധാനാധ്യാപകനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രണ്ട് തോക്കുകളും ഗ്രനേഡുമായെത്തിയ 17 കാരനായ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾകൂടി ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾക്കായി തെരച്ചിൽതുടങ്ങി.
ഭീകരാക്രമണ പരമ്പരകളെ തുടർന്ന് ഫ്രാൻസിൽ ഇപ്പോഴും അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്.
അതേസമയം, അന്താരാഷ്ട്ര നാണയനിധിയുടെ പാരിസിലെ ഒാഫിസിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പാഴ്സൽ തുറക്കാൻ ശ്രമിച്ച ഇവർക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.
സംഭവത്തെത്തുടർന്ന് ഒാഫിസിൽനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ഒാഫിസിലേക്ക് പാഴ്സൽ ബോംബ് എത്തിയതെങ്ങനെയെന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച് അധികൃതരുമായി ചേർന്ന് അന്വേഷണം നടത്തുമെന്ന് െഎ.എം.എഫ് അധികൃതർ പറഞ്ഞു.വെടിമരുന്നായിരുന്നു പാഴ്സലിലുണ്ടായിരുന്നതെന്ന് ഫ്രഞ്ച് പൊലീസിനെ ഉദ്ധരിച്ച് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ജർമനിയിൽ ധനമന്ത്രി വോൾഫാങ് ഷൂബിളിന് അയച്ച പാഴ്സൽ ബോംബ് പിടിച്ചെടുത്തു. ഗ്രീസിൽനിന്നുള്ള സംഘമാണ് പാഴ്സൽ അയച്ചതെന്ന് വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
