മാഡ്രിഡ്: ആഴ്ചകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിത കോവിഡിനെ തോൽപ്പിച്ചു. തന്നേക്കാൾ പ്രായക്കുറവുള്ള പലരേയും രോഗം കീഴടക്കിയപ്പോഴും 113 വയസ്സായ മരിയ ബ്രന്യാസ് പിടിച്ചുനിന്നു. റിട്ടയർമെന്‍റ് ഹോമിൽ താമസിക്കുന്ന ഇവർക്ക് ഏപ്രിലിലാണ് രോഗം ബാധിച്ചത്. ഇതിനിടെ ശ്വാസകോശ രോഗവും കൂടി പിടിപെട്ടതോടെ ഇവർ ആഴ്ചകളോളം ഐസൊലേഷൻ വാർഡിൽ കിടന്നു.
രാജ്യത്തെ ഏറ്റവും പ്രായക്കൂടുതലുള്ള മുത്തശ്ശിയായതിനാൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്ഇവർ. 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. സാൻഫ്രാൻസിസ്കോയിൽ ജനിച്ച ഇവർ ഒന്നാംലോക മഹായുദ്ധകാലത്താണ് ബോട്ടിൽ സ്പെയിനിലെത്തിയത്.
സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി ലോകത്തെ നടുക്കിയ 1918-19 കാലവും 1936-39 വരെ നീണ്ടുനിന്ന സ്പെയിൻ ആഭ്യന്തര യുദ്ധക്കാലവും കടന്നുപോന്ന ഇവരുടെ ദൃഢനിശ്ചയം തന്നെയാണ് കോവിഡ് കാലവും മറികടക്കാൻ തുണയായത്. ലോകത്തെ വിറപ്പിച്ച ഈ രോഗത്തെ ഈ പ്രായത്തിലും ചെറുത്തുതോൽപ്പിച്ചതെങ്ങനെ എന്ന ചോദ്യത്തിന് "നല്ല ആരോഗ്യം കൊണ്ട്" എന്നായിരുന്നു മരിയ മുത്തശ്ശിയുടെ മറുപടി.