യുറോപ്യൻ കമീഷൻ പ്രസിഡന്റിന്റെ ഇസ്രായേൽ അനുകൂല നിലപാട്; പ്രതിഷേധവുമായി സ്റ്റാഫ് അംഗങ്ങൾ
text_fieldsബ്രസൽസ്: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ യുറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ നിലപാടിൽ ആശങ്കയറിയിച്ച് യുറോപ്യൻ യൂണിയൻ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങൾ. ഇസ്രായേലിന് പൂർണ്ണ പിന്തുണ നൽകുന്ന നിലപാടിലാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് 842 പേർ ഒപ്പിട്ട ഒരു കത്തും യുറോപ്യൻ കമീഷൻ പ്രസിഡന്റിന് അയച്ചിട്ടുണ്ട്.
ഇസ്രായേലിലെ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചാണ് കത്ത് തുടങ്ങുന്നത്. ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ തിരിച്ചടി മൂലം 23 ലക്ഷം ഫലസ്തീനികൾ ദുരിതത്തിലായതിനേയും അപലപിക്കണമെന്ന് കത്തിൽപറയുന്നു. യുറോപ്യൻ യൂണിയന്റെ മൂല്യം അത് തിരിച്ചറിയുന്നില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ തികഞ്ഞ നിസംഗതയാണ് യുറോപ്യൻ യൂണിയൻ പുലർത്തുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
യുറോപ്യൻ യൂണിയന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഉണ്ടാവുന്നത്. എല്ലാ വിഷയത്തിലും പക്ഷം പിടിക്കാതെ കൃത്യമായ നിലപാട് പറയുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന പേരും യുറോപ്യൻ യൂണിയന് നഷ്ടമാവുകയാണ്. യുറോപ്യൻ യൂണിയൻ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നും കത്തിൽ പറയുന്നു.
മുമ്പ് യുക്രെയ്ൻ ജനതക്കുള്ള വെള്ളവും എണ്ണയും റഷ്യ തടഞ്ഞപ്പോൾ അത് തീവ്രവാദ പ്രവർത്തനമായാണ് ഇ.യു വിലയിരുത്തിയത്. എന്നാൽ, ഇന്ന് അതേകാര്യം ഇസ്രായേൽ ചെയ്യുമ്പോൾ അതിനെ പൂർണമായും അവഗണിക്കുകയാണ് യുറോപ്യൻ യൂണിയൻ ചെയ്യുന്നത്.
പതിറ്റാണ്ടുകളായി ഫലസ്തീൻ അനുഭവിക്കുന്ന ദുരന്തങ്ങൾ തടയുന്നതിൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ഞങ്ങൾക്ക് നിശബ്ദരായി ഇരിക്കാനാവില്ല. ഈയടുത്തകാലത്തായി യുറോപ്യൻ യൂണിയൻ എടുത്ത നിലപാടുകൾ ഗസ്സ മുനമ്പിലെ ഇസ്രായേലിന്റെ യുദ്ധകുറ്റങ്ങൾക്ക് സാധുത നൽകുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇസ്രായേലിനെ പൂർണമായും പിന്തുണക്കുന്ന നിലപാടാണ് യുറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ തുടക്കം മുതൽ സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് യുറോപ്യൻ യൂണിയൻ സ്റ്റാഫ് അംഗങ്ങൾ ഇപ്പോൾ കത്തയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

