പുടിനുമായുള്ള ചർച്ചയിൽ യൂറോപ്പിന്റെ സുരക്ഷ ഉയർത്തിപ്പിടിക്കണം -ട്രംപിനോട് ഇ.യു
text_fieldsബ്രസൽസ്: യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ യൂറോപ്പിന്റെ സുരക്ഷ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് യൂറോപ്യൻ യൂനിയൻ (ഇ.യു) യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ട്രംപ്-പുടിൻ ഉച്ചകോടി. നാലാം വർഷത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ പുടിന് മനസ്സുണ്ടോ എന്ന കാര്യമറിയണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇ.യുവിനെ നിരാശപ്പെടുത്തിക്കൊണ്ട്, റഷ്യക്ക് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയാറാകേണ്ടി വരുമെന്നും ട്രംപ് പറയുകയുണ്ടായി. യുക്രെയ്നിൽ വിജയം ഉറപ്പിച്ചാൽ പുടിൻ അടുത്തത് തങ്ങളെയാരെയെങ്കിലും ലക്ഷ്യമിടുമെന്ന ഭയം യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്.
ചർച്ചയിൽ യുക്രെയ്ൻ ഉണ്ടാകണമെന്നാണ് ഇ.യു നേതൃത്വം ഊന്നിപ്പറയുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുള്ള സമാധാന ഉടമ്പടികൾ വേണം. രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും സ്വാതന്ത്ര്യവുമൊന്നും ബലം പ്രയോഗിച്ച് മാറ്റാനാകില്ല -അവർ വ്യക്തമാക്കി. വെടിനിർത്തലിന്, റഷ്യ അധിനിവേശം നടത്തിയ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന തരത്തിലുള്ള നിർദേശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തള്ളിയിട്ടുണ്ട്.
അതിനിടെ, യുക്രെയ്നിലെ ഡോൺട്സ്ക് മേഖലയിലുള്ള പ്രധാന നഗരമായ പൊക്രോവ്സ്ക് ഉടൻ റഷ്യ പിടിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടേക്ക് റഷ്യൻ സേനാമുന്നേറ്റം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

