വിമാനം ഇറക്കിയത് പേപ്പർ മാപ്പുപയോഗിച്ച്; യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിന്റെ ജി.പി.എസ് തകരാറിലാക്കിയത് റഷ്യയെന്ന്
text_fieldsബള്‍ഗേറിയ: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദേര്‍ ലേയെന്‍ സഞ്ചരിച്ച വിമാനത്തിന്റെ ജി.പി.എസ് സിഗ്നല്‍ ബള്‍ഗേറിയക്ക് മുകളില്‍വെച്ച് നഷ്ടമായി. സംഭവത്തിന് പിന്നിൽ റഷ്യൻ ഇടപെടലാണെന്ന് സംശയിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വിമാനം സുരക്ഷിതമായി ബള്‍ഗേറിയയിലെ പ്ലോവ്ഡിവ് വിമാനത്താവളത്തിൽ ഇറക്കിയതായി യൂറോപ്യന്‍ യൂണിയന്‍ വക്താവ് അരിയാന പോഡെസ്റ്റ് സ്ഥിരീകരിച്ചു. ജി.പി.എസ് സംവിധാനം തകരാറിലായതോടെ പേപ്പർ മാപ്പുകൾ ഉപയോഗിച്ച് ദിശ നിർണയിച്ചായിരുന്നു വിമാനത്തിൻറെ സഞ്ചാരം.
‘ജി.പി.എസ് സിഗ്നല്‍ നഷ്ടമാകുന്ന വിധത്തിൽ ജാമ്മിങ് നടന്നുവെന്നത് വ്യക്തമാണ്. എന്നാല്‍, വിമാനം സുരക്ഷിതമായി ബള്‍ഗേറിയയിലെത്തി. ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെട്ടതിന് പിന്നിൽ റഷ്യയുടെ ഇടപെടലാണെന്ന് സംശയിക്കുന്നതായി ബള്‍ഗേറിയൻ അധികൃതര്‍ അറിയിച്ചിട്ടുണ്ട്’ - അരിയാന വ്യക്തമാക്കി.
വിമാനത്തിന്റെ ജി.പി.എസ് സംവിധാനം ദിശാനിർണയത്തിന് ഉപയോഗിച്ചിരുന്ന സാറ്റലൈറ്റ് സിഗ്നൽ തടസപ്പെടുത്തപ്പെട്ടതായി ബൾഗേറിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്ലോവ്ഡിവ് വിമാനത്താവളത്തിന് സമീപമെത്തിയപ്പോഴായിരുന്നു സിഗ്നൽ നഷ്ടമായതെന്നും വാർത്താക്കുറിപ്പിലുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകയാണ് ഉര്‍സുല. റഷ്യയും ബെലറൂസുമായി അതിര്‍ത്തി പങ്കിടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനാണ് ഉര്‍സുല ബള്‍ഗേറിയയിലെത്തിയത്.
ഇതാദ്യമായല്ല ഉര്‍സുല റഷ്യൻ ഭീഷണി നേരിടുന്നതെന്നും പ്രതിരോധ മേഖലയിലുള്ള യൂറോപ്യന്‍ യൂണിയൻ നിക്ഷേപങ്ങള്‍ തുടരുമെന്നും അരിയാന പ്രതികരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, ബള്‍ഗേറിയയുടെ തലസ്ഥാനത്ത് പൊതുജനങ്ങളോട് സംസാരിക്കവേ പുടിനെ വേട്ടക്കാരനെന്ന് വിശേഷിപ്പിച്ച ഉര്‍സുല, പ്രതിരോധത്തിലൂടെ മാത്രമേ പുതിനെ നിയന്ത്രിക്കാന്‍ കഴിയുവെന്നും കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

