റഷ്യക്കെതിരെ ഉപരോധവുമായി യൂറോപ്യൻ യൂനിയനും ബ്രിട്ടനും
text_fieldsകിയവ്: യുക്രെയ്നുമായി വെടിനിർത്തൽ ചർച്ചക്കുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂനിയനും ബ്രിട്ടനും. എണ്ണ കടത്തുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിലെ’ 200 കപ്പലുകളെ ലക്ഷ്യമിട്ടാണ് യൂറോപ്യൻ യൂനിയൻ ഉപരോധം പ്രഖ്യാപിച്ചത്.
റഷ്യയുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഉദ്യോഗസ്ഥർക്കും കമ്പനി ജീവനക്കാർക്കും യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. റഷ്യൻ ആയുധ വിതരണം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് ‘ഷാഡോ ഫ്ലീറ്റിലെ’ നൂറോളം കപ്പലുകൾക്കെതിരെയാണ് ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ചത്. നിലവിലുള്ള ഉപരോധം മറികടന്ന് ഉടമസ്ഥർ ആരാണെന്ന് വ്യക്തമല്ലാത്ത 500ഓളം പഴയ കപ്പലുകൾ ഉപയോഗിച്ച് എണ്ണ വിതരണം ചെയ്ത് റഷ്യ വൻ വരുമാനമുണ്ടാക്കുന്നതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.
ഉപാധികളില്ലാത്ത വെടിനിർത്തൽ മാത്രമാണ് റഷ്യയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് പലതവണ ആവർത്തിച്ച് വ്യക്തമാക്കിയതായി ഉപരോധം പ്രഖ്യാപിച്ച് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൽ പറഞ്ഞു. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുദ്ധക്കൊതിയനാണെന്ന തനിനിറം വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ ആക്രമണങ്ങളെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കുറ്റപ്പെടുത്തി.
വെടിനിർത്തൽ ചർച്ച തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കഴിഞ്ഞ ദിവസം പുടിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, രണ്ടു മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടതായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

