ഇത്യോപ‍്യ അഗ്നിപർവത സ്ഫോടനം: ആകാശത്ത് ചാരവും പൊടിപടലവും; ഇന്ത്യയിൽ വീണ്ടും വിമാനങ്ങൾ റദ്ദാക്കി
text_fieldsഇത്യോപ‍്യ അഗ്നിപർവത സ്ഫോടനം
ന്യൂഡൽഹി: ഇത്യോപ‍്യയിൽ ഹെയ്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ച് ചാരവും പൊടിപടലങ്ങളും 4,000 കിലോ മീറ്റർ അകലെയുള്ള ഇന്ത്യയിലും എത്തിയതോടെ വീണ്ടും വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള ഏഴ് രാജ്യാന്തര വിമാന സർവിസുകൾ റദ്ദാക്കി. 10 വിദേശവിമാനങ്ങൾ വൈകി. തിങ്കളാഴ്ച എയർ ഇന്ത്യ 13 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചാരമേഘങ്ങൾ രാജസ്ഥാന് മുകളിൽ എത്തിയത്. ചാരം വിമാന എൻജിനെ തകരാറിലാക്കുമെന്നതിനാലാണ് മുൻകരുതൽ.
കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, കൊച്ചിയിലെത്തേണ്ട ഇന്‍ഡിഗോയുടെ ദുബൈ വിമാനം എന്നിവ റദ്ദാക്കിയിരുന്നു. കണ്ണൂരിൽനിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു.
12000 വർഷത്തെ നിർജീവാവസ്ഥക്ക് ശേഷമാണ് ഹെയ്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 14 കിലോമീറ്റർ ഉയരത്തിൽ ചാരം കലർന്ന പുക ഉയരുകയായിരുന്നു. യെമന്‍, ഒമാന്‍ രാജ‍്യങ്ങൾക്ക് മുകളിലൂടെ നീങ്ങി രാജസ്ഥാന്‍ വഴിയാണ് ചാരമേഘങ്ങൾ ഉത്തരേന്ത‍്യയിലെത്തിയത്. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്ററർ വേഗമുള്ള ഇവ ഇന്ത‍്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്.
അതേസമയം ചാരമേഘങ്ങൾ വ്യാപിച്ച പ്രദേശങ്ങളിലെ വിമാന സർവിസുകൾ റദ്ദാക്കണമെന്നും പുതിയ ക്രമീകരണങ്ങൾ ഒരുക്കണമെന്നും വിമാനകമ്പനികളോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

