നൈജർ: വിദേശികളെ ഒഴിപ്പിക്കുന്നത് തുടരുന്നു
text_fieldsഇമേജ്: Sam Mednick/AP
നിയമി: പട്ടാള അട്ടിമറി നടന്ന നൈജറിൽനിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ചൊവ്വാഴ്ച ഫ്രഞ്ച് സൈന്യം രണ്ട് വിമാനങ്ങളിൽ നൂറുകണക്കിന് വിദേശികളെ രക്ഷപ്പെടുത്തി. ഇവരിൽ ഭൂരിഭാഗവും ഫ്രഞ്ച് പൗരന്മാരാണ്. കഴിഞ്ഞയാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്.
തങ്ങളുടെ പൗരന്മാരെയും മറ്റ് യൂറോപ്യൻ പൗരന്മാരെയും രക്ഷപ്പെടുത്തുമെന്ന് ഫ്രാൻസും ഇറ്റലിയും സ്പെയിനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അമേരിക്ക ഇതുവരെ രക്ഷാദൗത്യം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ ഏതാനും അമേരിക്കക്കാർ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്.
99 യാത്രക്കാരുമായി ഇറ്റാലിയൻ സൈനിക വിമാനം ബുധനാഴ്ച റോമിൽ ഇറങ്ങി. ഇതിൽ 21 പേർ അമേരിക്കക്കാരാണ്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും വിമാനത്തിലുണ്ടെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പാരിസിലെത്തിയ ആദ്യ ഫ്രഞ്ച് വിമാനത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 262 പേരാണുണ്ടായിരുന്നത്. പോർചുഗൽ, ബെൽജിയം, ഇത്യോപ്യ, ലബനാൻ എന്നിവിടങ്ങളിൽനിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. സംഘർഷഭരിതമായ രാജ്യത്തുനിന്ന് രക്ഷപ്പെടുന്നതിനായി ബുധനാഴ്ച പുലർച്ചതന്നെ നിരവധി പേർ നിയമി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, മൂന്നാമത്തെ ഫ്രഞ്ച് വിമാനം റദ്ദാക്കിയതിനാൽ, ആളുകൾ വിമാനത്താവളത്തിൽത്തന്നെ കഴിച്ചുകൂട്ടി.
പുറത്താക്കപ്പെട്ട പ്രസിഡന്റിന് അധികാരം കൈമാറുന്നില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ എക്കോവാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ ആക്രമിക്കപ്പെട്ടേക്കാമെന്നുള്ള ആശങ്കയുമുണ്ട്. എക്കോവാസിന്റെ മുന്നറിയിപ്പ് മാലി, ബുർകിനഫാസോ, ഗിനി എന്നിവ തള്ളിക്കളഞ്ഞിരുന്നു. ഈ രാജ്യങ്ങളിലും പട്ടാളമാണ് ഭരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

