‘യു.എൻ സുരക്ഷാ കൗൺസിൽ പൊളിച്ചെഴുതണം, ഫലസ്തീൻ രാഷ്ട്രത്തെ കൂടുതൽ രാജ്യങ്ങൾ അംഗീകരിക്കണം’; തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ
text_fieldsന്യൂയോർക്ക്: ആഗോള തലത്തിൽ സമാധാനം നിലനിർത്തുക എന്ന പ്രധാന ചുമതല നിർവഹിക്കുന്നതിൽ ഐക്യരാഷ്ട്രസഭ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സുരക്ഷാ കൗൺസിലിൽ സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്.
പലതവണയായി സുരക്ഷാ കൗൺസിലിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഉർദുഗാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറ്റമ്പതിലധികം രാജ്യങ്ങളുടെ കൂട്ടായ താൽപ്പര്യങ്ങളെ വെറും അഞ്ച് സ്ഥിരാംഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുന്നിൽ അടിയറവുവെക്കുന്ന നിലവിലെ സംവിധാനം നീതിയുക്തമല്ലെന്നും, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഈ സമ്പ്രദായത്തിന് സാധിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 81 വർഷങ്ങൾക്ക് മുമ്പ് സമാധാനവും സുരക്ഷയും ലക്ഷ്യമിട്ട് സ്ഥാപിതമായ ഐക്യരാഷ്ട്രസഭക്ക് ഇന്ന് ആ ദൗത്യം നിർവഹിക്കാൻ കഴിയുന്നില്ലെന്നും ഉർദുഗാൻ കുറ്റപ്പെടുത്തി.
ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. മനുഷ്യത്വവും കാരുണ്യവും നീതിബോധവുമുള്ള ആർക്കും ഗസ്സയിൽ നടക്കുന്ന ക്രൂരതകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് തുടർച്ചയായി രണ്ടാം വർഷവും യു.എൻ വേദിയിൽ പങ്കെടുക്കാൻ കഴിയാത്തത് വലിയ നീതികേടാണെന്നും, ഇത് ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്നതാണെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും, ഗസ്സ ഇന്ന് നമ്മുടെ കാലത്തെ ഏറ്റവും മനുഷ്യത്വവിരുദ്ധവും ലജ്ജാകരവുമായ തടങ്കൽ പാളയമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഹമാസും മറ്റ് പലസ്തീൻ സംഘടനകളും ഒക്ടോബർ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം അംഗീകരിച്ചിട്ടും, ഇസ്രായേൽ ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘കൊലപാതങ്ങളിൽ ഒരിക്കലും തൃപ്തി വരാത്ത ഒരു നരഹത്യാ ചിന്താഗതിയാണ് നമുക്ക് മുന്നിലുള്ളത്. മനുഷ്യത്വമോ കാരുണ്യമോ മനസാക്ഷിയോ ഉള്ള ആർക്കും ഇത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല,’ അദ്ദേഹം വ്യക്തമാക്കി. ആഗോള സമാധാനത്തിനായി രൂപീകരിച്ച യു.എൻ, ഇന്ന് ഫലസ്തീൻ, ലബനാൻ, സുഡാൻ തുടങ്ങിയ സംഘർഷ മേഖലകളിൽ പൂർണമായും പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം യു.എൻ പൊതുസഭയിൽ ഉർദുഗാൻ സംസാരിച്ചപ്പോൾ ഇസ്രായേൽ പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും, പലസ്തീൻ പ്രതിനിധികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ കയ്യടികളോടെ സ്വീകരിക്കുകയും ചെയ്തത് വലിയ ചർച്ചയായി മാറി.
ഇസ്രായേൽ-ഗസ്സ സംഘർഷത്തിന്റെ തുടക്കം മുതൽ ഇസ്രായേലിന്റെ സൈനിക നടപടികളെ രൂക്ഷമായി വിമർശിക്കുന്ന പ്രമുഖ നാറ്റോ അംഗരാജ്യമാണ് തുർക്കിയ. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾ നരഹത്യക്ക് തുല്യമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള തുർക്കിയ, ഇസ്രായേലിനെതിരെ ശക്തമായ അന്താരാഷ്ട്ര നടപടികൾ സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇസ്രായേൽ ശക്തമായി നിഷേധിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

