തുർക്കിയ പ്രസിഡന്റ് ഉർദുഗാനെ സന്ദർശിച്ച് ഹിന്ദ് റജബിന്റെ കുടുംബം
text_fieldsഹിന്ദ് റജബിന്റെ കുടുംബം തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനോടൊപ്പം
അങ്കാറ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ കുടുംബത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ചൊവ്വാഴ്ച അങ്കാറയിൽ സ്വീകരിച്ചു. പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന കൂടിക്കാഴ്ചയിൽ സാംസ്കാരിക-ടൂറിസം മന്ത്രി മെഹ്മദ് നൂരി ഇർസോയിയും പങ്കെടുത്തു. അനദോലു ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹിന്ദ് റജബിന്റെ കുടുംബത്തെ ഉർദുഗാൻ നേരത്തെയും സ്വീകരിച്ചിരുന്നു. 2025 ഡിസംബറിൽ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയുടെ പ്രദർശനത്തിൽ പങ്കെടുക്കാൻ കുടുംബം തുർക്കിയയിലെത്തിയപ്പോഴായിരുന്നു ഇത്.
ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈനിക നടപടി തുടരുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തിരുന്നു. ഹിന്ദിനൊപ്പം നാല് ബന്ധുക്കളും അമ്മാവനും അമ്മായിയും വാഹനത്തിലുണ്ടായിരുന്നു. കുടുംബം സഞ്ചരിച്ച കാറിന് നേരെ വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം പിന്നീട് സമ്മതിക്കുകയും ചെയ്തു.
വെടിയുണ്ടകൾ വാഹനത്തിന് ചുറ്റും പതിക്കുന്നതിനിടെ ഹിന്ദിന്റെ 15കാരിയായ ബന്ധു ലയാൻ ഹമാദ ഫലസ്തീൻ റെഡ് ക്രസന്റിന്റെ പാരാമെഡിക് കേന്ദ്രത്തിലേക്ക് ഫോൺ ചെയ്ത് സഹായം തേടി. ടാങ്ക് തങ്ങളുടെ അടുത്തേക്ക് വരികയാണെന്നും കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നും ലയാൻ അറിയിച്ചു. പിന്നാലെ വീണ്ടും വെടിയൊച്ചകൾ കേൾക്കുകയും ലയാന്റെ നിലവിളി നിലക്കുകയും ചെയ്തു. റെഡ് ക്രസന്റ് പുറത്തുവിട്ട ഫോൺ സംഭാഷണത്തിന്റെ റെക്കോഡിങ്ങിലാണ് ഇക്കാര്യമുള്ളത്.
കാറിലുണ്ടായിരുന്നവരിൽ ഹിന്ദ് മാത്രമാണ് അന്ന് ജീവനോടെ ശേഷിച്ചത്. ഹിന്ദിനെ രക്ഷപ്പെടുത്താൻ ഫലസ്തീൻ റെഡ് ക്രസന്റ് ആംബുലൻസ് അയച്ചു. രക്ഷാപ്രവർത്തകർ ഹിന്ദുമായി ഫോണിൽ ബന്ധം തുടരുന്നതിനിടെ പിന്നീട് ആശയവിനിമയം നഷ്ടപ്പെട്ടു.
12 ദിവസത്തിന് ശേഷമാണ് ഹിന്ദിനെയും അഞ്ച് ബന്ധുക്കളെയും രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസിലെ രണ്ട് പാരാമെഡിക്കുകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിന്ദിനെ രക്ഷിക്കാനെത്തിയ ആംബുലൻസിന് നേരെയും സൈനികർ വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം പിന്നീട് സമ്മതിച്ചു. ആക്രമണത്തിൽ രണ്ട് പാരാമെഡിക്കുകളും കൊല്ലപ്പെട്ടു.
ഹിന്ദ് റജബിന്റെ മരണം ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടിക്കിടെ സാധാരണക്കാർ നേരിടുന്ന ദുരിതത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചതോടൊപ്പം വ്യാപകമായ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

