തുർക്കിയ-സൗദി-പാകിസ്താൻ പ്രതിരോധക്കരാറിൽ ഈജിപ്തിനും ചേരാം; യൂറോപ്യൻ യൂനിയൻ അംഗത്വം ഇനി മുൻഗണനയല്ല -ഉർദുഗാൻ
text_fieldsദോഹ: അടുത്തിടെ ഒപ്പുവെച്ച തുർക്കിയ-സൗദി-പാകിസ്താൻ പ്രതിരോധക്കരാറിൽ ചേരാൻ ഈജിപ്തിനെ ക്ഷണിച്ച് റജബ് ത്വയ്യിബ് ഉർദുഗാൻ. ഈ കരാർ കൂടുതൽ അംഗങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും കെയ്റോയുടെ പ്രവേശനം സാധയമാണെന്നും അദ്ദേഹം പറഞ്ഞു. അൽജസീറ അറബിക് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉർദുഗാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പുവെച്ചവരിൽ ആർക്കെങ്കിലും ബാഹ്യ ആക്രമണമുണ്ടായാൽ എല്ലാവരും ഒരുമിച്ച് പ്രതികരിക്കാൻ ബാധ്യസ്ഥരാക്കുന്നതാണ് മക്ക സംയുക്ത പ്രതിരോധക്കരാറെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ ലോകത്തിന് ശക്തമായൊരു സന്ദേശമാണ് നൽകിയിരിക്കുന്നത്. ഭാവിയിൽ കരാർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിന്റെ പങ്കാളിത്തവും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മക്കയിൽ തുർക്കിയ പ്രസിഡന്റും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസതൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമാണ് ‘മക്ക കരാർ’ എന്നറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഒന്നിനെതിരെ ആക്രമണമുണ്ടായാൽ അത് തങ്ങൾക്കെല്ലാമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് ഇതിലെ വ്യവസ്ഥ. നാറ്റോയുടെ അഞ്ചാം അനുച്ഛേദത്തോട് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ ഉപമിക്കുന്നുണ്ടെങ്കിലും, അതൊരു നാറ്റോ ബദലാണെന്നോ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ളതാണെന്നോ വ്യാഖ്യാനിക്കരുതെന്ന് ഇസ്‍ലാമാബാദിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങളും സിറിയ, ഗാസ, ലബനൻ യുദ്ധങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക വിഷയങ്ങളും ഉർദുഗാൻ അഭിമുഖത്തിൽ പരാമർശിച്ചു.
സിറിയ, ഗസ്സ, ലബനാൻ വിഷയങ്ങൾ
മേഖലയിലെ അശാന്തിയിൽ അയൽരാജ്യങ്ങളെ തുർക്കിയ ഒറ്റക്കുവിടില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. സിറിയയിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, സിറിയ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സിറിയയിലെ കുർദുകൾക്കും സമാധാനത്തോടെ ജീവിക്കാൻ അർഹതയുണ്ടെന്നും മേഖലയിലുടനീളം കുർദ് വിഭാഗങ്ങളുമായുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഉർദുഗാൻ ആവർത്തിച്ചു. ഹമാസ് തങ്ങളുടെ പ്രതിബദ്ധതകൾ ആത്മാർഥമായി പാലിക്കുമ്പോഴും ഇസ്രായേൽ യുദ്ധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലബനാനുമേലുള്ള ഇസ്രായേൽ ആക്രമണങ്ങൾ അങ്കറയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോൾഡ് ട്രംപിന്റെ തുർക്കിയ സന്ദർശനവേളയിൽ ലബനാൻ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തിരുന്നതായും, പോരാട്ടം അവസാനിപ്പിക്കുന്നതിൽ വാഷിങ്ടണിന് നിർണായക പങ്കുണ്ടെന്നും ഉർദുഗാൻ ഓർമിപ്പിച്ചു.
സുഡാനിലെ പരമാധികാരി കൗൺസിൽ തലവൻ അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായുള്ള ബന്ധം മികച്ചതാണെന്നും സുഡാനിലെ ജനങ്ങൾക്ക് തുർക്കിയ തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിബിയയുമായുള്ള ബന്ധം സുസ്ഥിരമാണെന്നും ലിബിയയെ കൈവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂനിയനും എഫ്-35 യുദ്ധവിമാനങ്ങളും
തുർക്കിയയെ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂനിയന് താൽപര്യമില്ലെന്ന് വ്യക്തമാക്കിയ ഉർദുഗാൻ, അംഗത്വം ഇനി അങ്കാറയുടെ മുൻഗണനയല്ലെന്നും അതിന്റെ നഷ്ടം യൂറോപ്പിനായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
അമേരിക്കൻ നിർമിത എഫ്-35 യുദ്ധവിമാനങ്ങളെ സംബന്ധിച്ച് ഡോണൾഡ് ട്രംപിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യൻ നിർമിത എസ്ബ-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2019ലാണ് തുർക്കിയെ എഫ്-35 പദ്ധതിയിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ മാസം അങ്കറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ, എസ്-400 വാങ്ങിയതുമായി ബന്ധപ്പെട്ട് 2020 ഡിസംബറിൽ തുർക്കിയക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ തന്റെ ഭരണകൂടം നീക്കം ചെയ്യുമെന്നും എഫ്-35 പദ്ധതിയിലേക്കുള്ള തിരിച്ചുവരവ് പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

