നേപ്പാൾ: ജീവൻ തുടിക്കുന്നു, ആ തുരങ്കങ്ങളിൽ...
text_fieldsനേപ്പാൾ പ്രളയത്തിൽ കാണാതായ ഉറ്റവരുടെ പ്രതീകാത്മക ഭൗതികദേഹങ്ങൾ ഉപയോഗിച്ച് കാഠ്മണ്ഡുവിൽ അന്തിമ കർമങ്ങൾ നടത്തുന്നു
കാഠ്മണ്ഡു: കണ്ടെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഓരോ നാളും കുതിക്കുമ്പോഴും ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാൻ തിരക്കിട്ട ദൗത്യവുമായി രക്ഷാപ്രവർത്തകർ. 600ഓളം പേരാണ് വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടിരിക്കുന്നത്. ചളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി മുകൾഭാഗം അടഞ്ഞ ഇവക്കുള്ളിലേക്ക് ഇനിയും എത്താനായിട്ടില്ല. റസുവഗഢി നിലയത്തിലെ തുരങ്കത്തിൽ മാത്രം 46 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ആവശ്യമായ ഭക്ഷണമടക്കം അകത്തുള്ളതിനാൽ ഒരാഴ്ച കഴിഞ്ഞും ഇവർ സുരക്ഷിതരായിരിക്കുന്നുവെന്നാണ് പ്രതീക്ഷയെന്ന് നേപ്പാൾ വൈദ്യുതി അതോറിറ്റി പ്രതിനിധി അംശു കിരൺ ഷാഹി പറഞ്ഞു.
അതേസമയം, ബുധനാഴ്ചയിലെ കണക്കുകൾ കൂടി ചേർത്ത് ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ 1200കടന്നു. കാണാതായവർ നൂറുകണക്കിന് വിദേശികളടക്കം 4858ഉം. ഇതുവരെ 163 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച അഞ്ചുടൺ അവശ്യമരുന്നുകളും 11 അംഗ രക്ഷാപ്രവർത്തക സംഘത്തെയും കേന്ദ്രം അയച്ചിട്ടുണ്ട്. ഞായറാഴ്ച 19 ഫോറൻസിക് പരിശോധന വിദഗ്ധരും, തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വിദഗ്ധ സംഘവും നേപ്പാളിലെത്തിയിരുന്നു. ഒരാഴ്ച മുമ്പ് ദുരന്തം നടന്ന ദിവസം അടിയന്തര സഹായവുമായി ആദ്യ വിമാനം അയച്ച ഇന്ത്യ ഇതുവരെ 68.5 ടൺ വസ്തുക്കൾ നേപ്പാളിലെത്തിച്ചിട്ടുണ്ട്. 39 രാജ്യക്കാരായ 590 വിദേശികളെ കുറിച്ച് വിവരമില്ല.
രാജ്യത്ത് കനത്ത മഴ തുടരുന്നത് നിരവധി നദികളിൽ ജലനിരപ്പ് അപകടരേഖക്ക് മുകളിലാക്കിയിട്ടുണ്ട്. ഇവയുടെ പരിസരങ്ങളിൽ കഴിയുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ റോഡ് പുനർനിർമിച്ച് ചൈന ഗ്വിറോങ് അതിർത്തിയിലേക്ക് ഗതാഗതം പുനഃസ്ഥാപിച്ചു. ഇതുവരെയും വ്യോമമാർഗമായിരുന്നു അവശ്യ വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

