അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
text_fieldsതെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെടുത്താനും കഴിയില്ലെന്നും അതുകൊണ്ടുതന്നെ അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ പറഞ്ഞു. യുദ്ധം ഇപ്പോൾ അവസാനിപ്പിക്കരുതെന്നും ശത്രുക്കളെ പൂർണമായി മുട്ടുകുത്തിക്കുംവരെ പോരാട്ടം തുടരണമെന്നും രാജ്യത്തിനകത്ത് ഒരു വിഭാഗം വാദിക്കുന്ന പശ്ചാത്തലത്തിലാണ് പെസഷ്കിയാന്റെ വാദമുഖങ്ങൾ.
ശത്രുക്കളുടെ മുന്നിൽ മുട്ടുമടക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ല. പരമോന്നത നേതാവ് നിശ്ചയിക്കുന്ന നയങ്ങൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇറാനും അമേരിക്കയും ജൂണിൽ ഒപ്പുവെച്ച ധാരണപത്രം നടപ്പാക്കുകയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് നാഷനൽ സുപ്രീം കൗൺസിലിലെ ഭൂരിഭാഗം പേരും കരുതുന്നതായി ഇറാന്റെ ദേശീയ വാർത്ത ഏജൻസിയായ ഇർനയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പെസഷ്കിയാൻ പറഞ്ഞു. ഇറാന്റെ വിജയം ലോകം അംഗീകരിച്ച, ശക്തിയും അഭിമാനവും നിലനിർത്തുന്ന ഈ സമയത്തുതന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധം ആറ് മാസത്തോട് അടുക്കുമ്പോൾ, ഉപരോധങ്ങളും നാവിക ഉപരോധവും ഇറാന്റെ സമ്പദ്ഘടനയെ ബാധിക്കുന്നു.
എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് രാജ്യത്തെ സാമ്പത്തികമായി ഞരിക്കുന്നുണ്ട്. അതിനിടെ ഇറാനെ കൂടുതൽ ഞരിക്കാൻ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

