കമ്പനി അബദ്ധത്തിൽ 286 തവണ ശമ്പളം നൽകി; രാജിവെച്ച് യുവാവ് പണവുമായി മുങ്ങി
text_fieldsസാന്റിയാഗോ: അപ്രതീക്ഷിതമായി നമ്മുടെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയാൽ എന്തുചെയ്യും. പലരും നിയമനടപടി പേടിച്ച് പണം തിരിച്ചു കൊടുക്കാനാണ് ശ്രമിക്കുക. അത്തരമൊരു സംഭവം ചിലിയിൽ നടന്നു. ചിലിയിലെ കൺസോർഷ്യോ ഇൻഡസ്ട്രിയൽ ഡി അലിമെന്റോസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന് കഴിഞ്ഞ മാസം 286 തവണയാണ് അധികൃതർ ശമ്പളം നൽകിയത്.
അക്കൗണ്ടിലേക്ക് ഇടതടവില്ലാതെ പണം വന്നുകൊണ്ടിരുന്നപ്പോൾ ആദ്യം ആശ്ചര്യപ്പെട്ടു പോയെങ്കിലും കമ്പനിയിലേക്ക് വിളിച്ചപ്പോഴാണ് യുവാവ് സത്യാവസ്ഥ അറിഞ്ഞത്. പണം തിരികെ നൽകാമെന്ന് കമ്പനിക്ക് ഉറപ്പുനൽകുകയും ചെയ്തു. 43,000 രൂപക്കു പകരം ഏകദേശം 1.42 കോടി രൂപയാണ് കമ്പനി ശമ്പളമായി അബദ്ധത്തിൽ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തത്.
ശമ്പളയിനത്തിൽ വലിയ തുകയുടെ വ്യത്യാസം കണ്ടപ്പോൾ ജീവനക്കാരൻ ഉടൻ കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് അക്കിടി പറ്റിയ വിവരം കമ്പനി മാനേജ്മെന്റിന് ബോധ്യപ്പെട്ടത്. ഏതാണ്ട് 286 തവണയാണ് ഇദ്ദേഹത്തിന് ശമ്പളം നൽകിയത്. പണം ഉടൻ തിരികെ നൽകുമെന്നറിയിച്ചെങ്കിലും അബദ്ധവശാൽ ആണെങ്കിലും അക്കൗണ്ടിലെത്തിയ കോടികൾ നഷ്ടപ്പെടുത്താൻ ജീവനക്കാരന് മനസുവന്നില്ല.
പറഞ്ഞ സമയത്ത് പണം തിരിച്ചുകിട്ടാതായതോടെ കമ്പനി അധികൃതർ ജീവനക്കാരന്റെ മൊബൈൽ ഫോണിലേക്ക് തുരുതുരെ സന്ദേശങ്ങൾ അയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. പിന്നീട് കുറെ സമയം ഉറങ്ങിപ്പോയെന്നും അതിനാലാണ് പ്രതികരിക്കാഞ്ഞതെന്നും പറഞ്ഞ് ജീവനക്കാരൻ തിരികെ ബന്ധപ്പെട്ടു. എത്രയും പെട്ടെന്ന് ബാങ്കിൽ പോയി പണം തിരിച്ചയക്കാമെന്നും പറഞ്ഞു. എന്നാൽ ജൂൺ രണ്ടിന് കമ്പനിക്ക് രാജിക്കത്ത് അയച്ചശേഷം ജീവനക്കാരൻ നാടുവിട്ടു. പണം തിരികെ കിട്ടാൻ നിയമ നടപടിക്കൊരുങ്ങുകയാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

