Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ പൊട്ടിയ കണ്ണട...

ആ പൊട്ടിയ കണ്ണട ഗസ്സയുടെ കണ്ണീർച്ചിത്രം; കാഴ്ച തിരിച്ചുപിടിക്കാൻ അടിയന്തര ശസ്ത്രക്രിയ വേണം, മനസ്സാക്ഷിയെ ഉലച്ച് അയൂബിന്റെ വിഡിയോ

text_fields
bookmark_border
ആ പൊട്ടിയ കണ്ണട ഗസ്സയുടെ കണ്ണീർച്ചിത്രം; കാഴ്ച തിരിച്ചുപിടിക്കാൻ അടിയന്തര ശസ്ത്രക്രിയ വേണം, മനസ്സാക്ഷിയെ ഉലച്ച് അയൂബിന്റെ വിഡിയോ
cancel

ഗസ്സ സിറ്റി: ഇസ്രായേൽ ഉപരോധവും യുദ്ധവും തകർത്ത ഗസ്സയിൽ നിന്നും ഹൃദയഭേദകമായ ഒരു ദൃശ്യം കൂടി ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നു. കടുത്ത കാഴ്ചവൈകല്യമുള്ള ഏഴ് വയസ്സുകാരൻ തന്റെ തകർന്ന കണ്ണടത്തുണ്ടുകൾ നോക്കി പൊട്ടിക്കരയുന്ന വിഡിയോയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലക്ഷക്കണക്കിന് ആളുകളുടെ കണ്ണ് നിറക്കുന്നത്. അയൂബ് ജുനൈദ് എന്ന പലസ്തീൻ ബാലന്റെ ഈ കണ്ണീർ ദൃശ്യം, യുദ്ധഭൂമിയിൽ ചികിത്സയും മരുന്നും കിട്ടാതെ അന്ധതയിലേക്ക് നീങ്ങുന്ന ആയിരക്കണക്കിന് കുട്ടികളുടെ നേർച്ചിത്രമായി മാറുകയാണ്.

വിഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ സുമനസ്സുകളുടെ സഹായത്താൽ അയൂബിന് പുതിയൊരു കണ്ണട ലഭിച്ചെങ്കിലും, അവന്റെ ദുരിതം ഇനിയും തീർന്നിട്ടില്ല. എത്രയും വേഗം അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഈ ഏഴ് വയസ്സുകാരന് കാഴ്ച പൂർണമായും നഷ്ടപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

തുടർച്ചയായ പനി ബാധിച്ചതിനെ തുടർന്നാണ് രണ്ടാം വയസ്സിൽ അയൂബിന് കടുത്ത കാഴ്ചവൈകല്യം ബാധിച്ചതെന്ന് ഗാസ സിറ്റിയിലെ തുറമുഖ പ്രദേശത്തെ അഭയാർഥി കൂടാരത്തിൽ കഴിയുന്ന അമ്മ ഈമാൻ ജുനൈദ് (30) പറയുന്നു. പ്രായം കൂടുന്തോറും കാഴ്ച മെച്ചപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും വിപരീതമായാണ് സംഭവിച്ചത്. വിദഗ്ദ്ധ ചികിൽസക്കായി വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതും വഴികളെല്ലാം അടഞ്ഞതും.

ഓടാനോ ചാടാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ അയൂബിന് കഴിയില്ല. ചെറിയൊരു വീഴ്ചയോ ആഘാതമോ ഉണ്ടായാൽ പോലും അവന്റെ റെറ്റിനക്ക് ഇനിയും കേടുപാടുകൾ സംഭവിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ അവസാനം തകർന്നടിഞ്ഞ ഗസ്സയിലെ ഒരു റോഡിലൂടെ നടക്കുന്നതിനിടയിലാണ് അയൂബ് മുഖമിടിച്ചു വീഴുന്നതും കണ്ണട തകരുന്നതും.

'അവൻ മണ്ണിൽ കിടന്നുരുണ്ട് കരഞ്ഞ് ആ കണ്ണടത്തുണ്ടുകൾ ഒട്ടിച്ചുവെക്കാൻ നോക്കുന്നുണ്ടായിരുന്നു. അവനെ സംബന്ധിച്ച് ആ കണ്ണടയായിരുന്നു അവന്റെ ലോകം. അതില്ലാതെ അവന് ഒരടി മുന്നോട്ട് വെക്കാൻ കഴിയില്ല,' ഈമാൻ വിതുമ്പലോടെ ഓർക്കുന്നു. കണ്ണടയില്ലാത്ത ആ നാല് ദിവസം കൂടാരത്തിന്റെ ഒരു മൂലയിൽ നിന്നും അയൂബ് മാറിയിട്ടില്ല. നടക്കാൻ ശ്രമിക്കുമ്പോൾ നിലം കാണാനായി തല തറയോട് ചേർത്ത് വെച്ചാണ് അവൻ നീങ്ങിയിരുന്നത്. പുതിയ കണ്ണട കിട്ടിയെങ്കിലും അവന് ആവശ്യമുള്ള കൃത്യമായ പവർ ഉള്ള ലെൻസുകൾ ഇപ്പോൾ ഗസ്സയിൽ ലഭ്യമല്ല.

യുദ്ധം ഗസ്സയിലെ നേത്രചികിത്സാ മേഖലയെ പൂർണമായും തകർത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഗസ്സ സിറ്റിയിലുണ്ടായിരുന്ന ഏക സർക്കാർ നേത്ര ആശുപത്രി ഇസ്രായേൽ ബോംബാക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. നിലവിൽ മുമ്പുണ്ടായിരുന്നതിന്റെ 60 ശതമാനം സേവനങ്ങൾ മാത്രമാണ് നൽകാൻ സാധിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളും സർജിക്കൽ മൈക്രോസ്കോപ്പുകളും ഗസ്സയിലേക്ക് കടത്തിവിടാൻ ഇസ്രായേൽ അനുവദിക്കുന്നില്ലെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം ദാവൂദ് ആരോപിച്ചു.

നിലവിൽ ഗസ്സയിൽ 2,800ലധികം രോഗികൾ തിമിര ശസ്ത്രക്രിയക്കും, കോർണിയൽ ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള മറ്റ് സങ്കീർണ ശസ്ത്രക്രിയകൾക്കായി 4,000ത്തിലധികം പേരും കാത്തിരിപ്പിലാണ്. അഭയാർഥി ക്യാമ്പുകളിലെ കടുത്ത ജനത്തിരക്കും ശുചിത്വമില്ലായ്മയും കാരണം കുട്ടികളിൽ കടുത്ത കോർണിയൽ ഇൻഫെക്ഷനുകൾ പടർന്നുപിടിക്കുന്നതായും പലർക്കും കാഴ്ച സ്ഥിരമായി നഷ്ടപ്പെടുന്നതായും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ഗസ്സയിലെ കുട്ടികൾ നേരിടുന്ന വലിയൊരു മാനുഷിക പ്രതിസന്ധിയുടെ ഒരു ഭാഗം മാത്രമാണ് അയൂബ്. ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റപ്പെടേണ്ടി വന്ന പ്രദേശം കൂടിയായി ഗസ്സ മാറിയിരിക്കുന്നു. അടിയന്തരമായി വിദേശത്തേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ നൽകേണ്ട ഏകദേശം 4,000 കുരുന്നുകളാണ് നിലവിൽ ഗസ്സയിൽ മരണത്തോട് മല്ലിടുന്നത്.

അതേസമയം, ഗസ്സയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും എത്തിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും, ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നുമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. എന്നാൽ, തങ്ങളുടെ കുഞ്ഞിന് എന്നാണ് കൃത്യമായ ചികിത്സയും കാഴ്ചയും തിരികെ ലഭിക്കുകയെന്ന ചോദ്യവുമായി ലോകത്തിന് മുന്നിൽ കണ്ണീരോടെ നിൽക്കുകയാണ് അയൂബിന്റെ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaWorld NewsLatest NewsIsrael-Palestine conflict
News Summary - Emergency surgery is needed to restore vision, Ayub's video shakes his conscience
Next Story