'തന്‍റെ ജീവിത പങ്കാളി പകുതി ഇന്ത്യാക്കാരി, മകന്‍റെ മിഡിൽ നെയിം ശേഖർ' വെളിപ്പെടുത്തലുമായി ഇലോൺ മസ്ക്
text_fieldsതന്‍റെ ജീവിതപങ്കാളി ഷിവോണ്‍ ജിലിസ് പകുതി ഇന്ത്യക്കാരിയാണെന്നും മക്കളിലൊരാളുടെ മിഡില്‍ നെയിം ശേഖര്‍ എന്നാണെന്നും വെളിപ്പെടുത്തി സ്‌പേസ് എക്‌സ് സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. മസ്കിന്റെ എഐ കമ്പനിയായ ന്യൂറലിങ്കിൽ നിലവിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷൽ പ്രോജക്ട്സ് ഡയറക്ടറാണ് ഷിവോണ്‍.
നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കവെയായിരുന്നു മസ്കിന്‍റെ വെളിപ്പെടുത്തൽ. മസ്ക് ഷിവോൺ ദമ്പതികൾക്ക് നാലുമക്കളുണ്ട്.
‘നിങ്ങള്‍ക്കറിയാമോ എന്ന് എനിക്കറിയില്ല, പക്ഷെ പങ്കാളിയായ ഷിവോൺ ജിലിസ് പകുതി ഇന്ത്യക്കാരിയാണ്. അവൾ കാനഡയിലാണ് വളർന്നതെങ്കിലും കുഞ്ഞായിരിക്കുമ്പോൾ ദത്തെടുക്കപ്പെട്ടതാണ്. കൃത്യമായ വിശദാംശങ്ങൾ എനിക്കറിയില്ല’ മസ്ക് പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഷിവോൺ എവിടെയാണ് വളർന്നതെന്ന് കാമത്ത് ചോദിച്ചപ്പോൾ മസ്‌ക് ചില വിവരങ്ങൾ കൂടി വെളിപ്പെടുത്തി. "അവൾ കാനഡയിലാണ് വളർന്നത്. കുഞ്ഞായിരിക്കുമ്പോൾ ദത്തെടുക്കാൻ വിട്ടുകൊടുത്തിരുന്നു. അവളുടെ പിതാവ് യൂണിവേഴ്സിറ്റിയിലെ ഒരു എക്സ്ചേഞ്ച് വിദ്യാർഥിയെപ്പോലെയായിരുന്നുവെന്ന് ഞാൻ കരുതുന്നു," മസ്‌ക് പറഞ്ഞു.
ഷിവോണുമായുള്ള വിവാഹത്തിൽ ജനിച്ച കുട്ടികളിലൊരാളുടെ മിഡിൽ നെയിം ശേഖര്‍ ആണെന്നും മസ്ക് പറഞ്ഞു. ഇന്ത്യൻ- അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിന്റെ പേരില്‍ നിന്നാണ് മകന് ശേഖര്‍ എന്ന പേര് നല്‍കിയതെന്നും മസ്ക് പറഞ്ഞു.
ഇന്ത്യക്കാരിൽ നിന്ന് അമേരിക്കക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പോഡ്കാസ്റ്റില്‍ മസ്ക് പറഞ്ഞു. ‘പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്നുള്ള കഴിവുറ്റവരുടെ ഗുണഭോക്താക്കളാണ് അമേരിക്ക, പക്ഷേ ഇപ്പോൾ അത് മാറിവരുന്നതായി തോന്നുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
2017ലാണ് മസ്കിന്റെ എ.ഐ കമ്പനിയായ ന്യൂറലിങ്കിലാണ് ഷിവോണ്‍ ജിലിസ് ജോലി ആരംഭിക്കുന്നത്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദം നേടിയ ഷിവോണിനും മസ്കിനും നാലുമക്കളുണ്ട്. 2021 ൽ ഇരട്ടക്കുട്ടികളും 2024 ല്‍ മകളും ഒരു വർഷത്തിനുശേഷം മറ്റൊരു കുഞ്ഞുമാണ് പിറന്നത്.
ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളും മസ്കിനുണ്ട്. വ്യത്യസ്ത പങ്കാളികളില്‍ നിന്നായി 14 കുട്ടികളുടെ പിതാവാണ് ഇലോണ്‍ മസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

