ചൈന -തായ്‍വാൻ പ്രതിസന്ധി പരിഹരിക്കാൻ നിർദേശവുമായി ഇലോൺ മസ്ക്
text_fieldsവാഷിംങ്ടൺ: റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പരിഹാരം കണ്ടെത്താൻ യു.എന്നിന്‍റെ മേൽനോട്ടത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ ചൈന -തായ്‍വാൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. ചൈനയും തായ്‍വാനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ തായ്‍വാന്‍റെ അധികാരങ്ങളിൽ കുറച്ച് ബീജിങിന് കൈമാറണമെന്ന് മസ്ക് അഭിപ്രായപ്പെട്ടു.
ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയാണ് ഇലോൺ മസ്കിന്‍റെ പരാമർശം. എല്ലാവരെയും സന്തോഷിപ്പിക്കില്ലെങ്കിലും തായ്‍വാനുവേണ്ടി ഒരു അധികാര പരിധി കണ്ടെത്തുന്നതാണ് ഹിതകരമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ റഷ്യ –യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളിൽ യു.എൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്നും 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയ റഷ്യയുടെ ഭാഗമാണെന്ന് ഔദ്യോഗികമായി യുക്രൈൻ അംഗീകരിക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇലോൺ മസ്കിനെതിരെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ഉൾപ്പെടെ രംഗത്തെത്തി.