ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ 5000 ഡോളർ നൽകാമെന്ന് മസ്ക്; അത് പോരെന്ന് ടെക്കി, സംഭവം വിചിത്രം
text_fieldsന്യൂയോർക്ക്: ഫ്ലോറിഡക്കാരനായ ജാക് സ്വീനി എന്ന 19കാരന് ഒരു ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ലോക കോടീശ്വരനും സ്പേസ് എക്സ് സി.ഇ.ഒയുമായ ഇലോൺ മസ്ക് 5000 ഡോളറാണ് വാഗ്ദാനം ചെയ്തത്. ഏകദേശം മൂന്നേമുക്കാൽ ലക്ഷം രൂപ. എന്നാൽ, 5000 പോര 50,000 വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ജാക് സ്വീനി. ഇയാൾ തുടങ്ങിയ 'ഇലോൺ മസ്ക്സ് ജെറ്റ്' എന്ന ട്വിറ്റർ അക്കൗണ്ടാണ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷാൽ മസ്ക് തന്നെ മെസ്സേജ് അയച്ചത്.
മസ്കിന്‍റെ സ്വകാര്യ യാത്രാവിമാനം ട്രാക്ക് ചെയ്ത് യാത്രാവിവരങ്ങൾ ഈ അക്കൗണ്ട് വഴി ട്വീറ്റ് ചെയ്യുകയാണ് ജാക് സ്വീനി ചെയ്തിരുന്നത്. വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴുമെല്ലാം ട്വിറ്ററിൽ അപ്ഡേഷൻ നൽകും. പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഈ ട്രാക്കിങ്. മസ്കിനെ കൂടാതെ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തുടങ്ങി നിരവധി പ്രമുഖരുടെ യാത്രാവിവരങ്ങൾ സ്വീനി ട്രാക്ക് ചെയ്യുന്നുണ്ട്.
സുരക്ഷാ പ്രശ്നമുണ്ടെന്ന് കാട്ടിയാണ് ഇലോൺ മസ്ക് ഈ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ നവംബർ 30നായിരുന്നു മസ്ക് നേരിട്ട് സ്വീനിക്ക് മെസേജ് അയച്ചത്. തന്‍റെ യാത്രാവിവരങ്ങൾ ട്രാക്ക് ചെയ്യുന്നത് തടയാൻ 5000 ഡോളർ നൽകാമെന്നും വാഗ്ദാനം നൽകി. എന്നാൽ, 50,000 ഡോളർ വേണമെന്നായിരുന്നു സ്വീനിയുടെ ആവശ്യം. തന്‍റെ കോളജ് ആവശ്യങ്ങൾക്കും ടെസ്ല മോഡൽ 3 കാർ വാങ്ങാനുമായി ഈ തുക ചെലവഴിക്കുമെന്നും സ്വീനി പറഞ്ഞു. എന്നാൽ, മസ്ക് അനുകൂല മറുപടി നൽകിയില്ല.
ജനുവരി 19നാണ് മസ്ക് അവസാന സന്ദേശമയച്ചത്. അക്കൗണ്ട് പൂട്ടാൻ പണം നൽകുന്നത് ശരിയായി തോന്നുന്നില്ലെന്നായിരുന്നു മെസേജ്. മസ്ക് സന്ദേശമയച്ചത് യഥാർഥമാണെന്ന് സി.എൻ.എൻ ബിസിനസ് ഉറപ്പുവരുത്തുന്നു.
പ്രതിഫലത്തിന് പകരം മസ്കിന്‍റെ സ്ഥാപനത്തിൽ ഇന്‍റേൺഷിപ്പിന് അവസരം നൽകാമോയെന്ന് സ്വീനി ചോദിച്ചെങ്കിലും സ്പേസ് എക്സ് സ്ഥാപകൻ മറുപടി നൽകിയിട്ടില്ല. താൻ സ്പേസ് എക്സിന്‍റെ അതിയായ ആരാധകനാണെന്ന് സ്വീനി പറയുന്നു. തന്‍റെ പിതാവ് വ്യോമയാന രംഗത്താണ് പ്രവർത്തിക്കുന്നതും ഈ മേഖലയോട് ചെറുപ്പം മുതൽക്കേ അഭിനിവേശമുണ്ടെന്നും സ്വീനി പറയുന്നു.
5000 ഡോളർ വാഗ്ദാനം തന്‍റെ ട്വിറ്റർ അക്കൗണ്ടിന് മതിയാകില്ലെന്ന് സ്വീനി പറയുന്നു. അതിൽ നിന്നുള്ള വിനോദം പോലെ, മറ്റൊന്നും പകരംവെക്കാനാകില്ല. അതേസമയം, മസ്കിന് സാങ്കേതിക ഉപദേശവും ഈ 19കാരൻ നൽകി. ഫ്ലൈറ്റ് ട്രാക്കിങ് സോഫ്റ്റ്‍വെയറുകളെ തടയാൻ പര്യാപ്തമായ സംവിധാനങ്ങൾ ഉപയോഗിക്കാനാണ് ഉപദേശം. ഈ ഉപദേശം മസ്ക് സ്വീകരിച്ചതായാണ് തോന്നുന്നതെന്നും സ്വീനി പറയുന്നു.
ഫ്ലൈറ്റ് ട്രാക്കിങ് തടയുന്ന സോഫ്റ്റ്‍വെയർ മസ്ക് ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് സ്വീനി ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും നിങ്ങൾക്ക് മസ്കിന്‍റെ യാത്രകൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നാണ് സ്വീനിയുടെ മറുപടി. അതിത്തിരി സങ്കീർണമായ പ്രവൃത്തിയാണെന്നും ഇയാൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

