ഇലോൺ മസ്‌ക് ദുഷ്ടനെന്ന് ട്രംപിന്റെ ഉപദേശകൻ സ്റ്റീഫൻ കെ.ബാനൻ
text_fieldsവാഷിംങ്ടൺ: എലോൺ മസ്‌കിനെ ‘യഥാർത്ഥ ദുഷ്ടൻ’ എന്ന് വിശേഷിപ്പിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ സ്റ്റീഫൻ കെ. ബാനൻ. ട്രംപിന്റെ സ്വാധീനശേഷിയുള്ള രണ്ട് ഉപദേഷ്ടാക്കളായ മസ്കും ബാനനും തമ്മിലുള്ള ഭിന്നതക്ക് ആഴം കൂട്ടുന്നതാണ് ഈ അഭിപ്രായമെന്ന് നിരീക്ഷകർ പറയുന്നു.
ജനുവരി 20ന് ട്രംപിന്റെ സ്ഥാനാരോഹണത്തെ കുറിച്ച് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ക്ക് നൽകിയ അഭിമുഖത്തിലാണ് ബാനന്റെ പരാമർശം. ‘അയാൾ ഒരു യഥാർത്ഥ ദുഷ്ടനാണ്. അയാളെ തടയുക എന്നത് എന്റെ വ്യക്തിപരമായ പ്രശ്നമായി മാറിയിരിക്കുന്നു. മസ്‌കിന്റെ ഉദ്ഘാടനം നടക്കുമ്പോഴേക്കും ഞാൻ അദ്ദേഹത്തെ പുറത്താക്കും. വൈറ്റ് ഹൗസിലേക്ക് പൂർണ പ്രവേശനമുള്ള നീല പാസ് അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല. അവൻ എല്ലാവരേയും പോലെ ആയിരിക്കും’- എന്നായിരുന്നു ബാനന്റെ വാക്കുകൾ. എന്നാൽ, ഈ പ്രസ്താവനകളോട് മസ്‌ക് പരസ്യമായി പ്രതികരിച്ചിട്ടില്ല.
2016 ലെ ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപിയായിരുന്നു ബാനൻ. വൈറ്റ് ഹൗസിലെ ആദ്യ ടേമിൽ മുഖ്യ തന്ത്രജ്ഞനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു. തുടർന്ന് കോടതിയലക്ഷ്യക്കേസിൽ നാലു മാസത്തെ വാസത്തിനുശേഷം ഫെഡറൽ ജയിലിൽ നിന്ന് ഒക്ടോബറിൽ മോചിതനായി. 2021ൽ അധികാരം വിടുന്നതിന് മുമ്പ്, ട്രംപിന്റെ അതിർത്തി മതിൽ പിന്തുണക്കുന്ന ഒരു ഗ്രൂപിനുവേണ്ടി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ വിചാരണ നേരിടുന്നതിനു മുമ്പ് ട്രംപ് ബാനനോട് മാപ്പ് പറഞ്ഞിരുന്നു.
നവംബറിലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി 2500 കോടി ഡോളറിലധികം ചെലവഴിച്ച മസ്‌കുമായുള്ള വാഗ് യുദ്ധം ബാനൻ പുതുക്കിയിരിക്കുകയാണിപ്പോൾ. ഫെഡറൽ ബ്യൂറോക്രസിയെ വെട്ടിക്കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ട്രംപ് മസ്‌കിനെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ, ഭരണത്തിൽ ബാനന് എന്തെങ്കിലും പങ്കുണ്ടോയെന്നത് വ്യക്തമല്ല.
മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് പാർട്ടിയിലെ ശക്തരായ വ്യക്തികളെ അകറ്റി നിർത്തുമോ എന്ന ഭയമാണ് ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിലേക്കുള്ള മസ്‌കിന്റെ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ചില വലതുപക്ഷവാദികൾ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന തോന്നലിൽ അവരുടെ സഖ്യത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്.
സ്‌പേസ് ‘എക്‌സി’ന്റെ ചീഫ് എക്‌സിക്യൂട്ടിവായ മസ്‌ക് യു.എസ് ഫെഡറൽ ഗവൺമെന്റുമായി കാര്യമായ ഇടപാടുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

