'അദ്ദേഹം കംപ്യൂട്ടർ ഉപയോഗിക്കാറില്ല'; ഓപൺ എ.ഐക്കെതിരായ നിയമ പോരാട്ടത്തിൽ ഇലോൺ മസ്കിന്റെ അഭിഭാഷകൻ കോടതിയിൽ
text_fieldsഇലോൺ മസ്കും ഓപൺ എ.ഐയും തമ്മിലുള്ള നിയമ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. മസ്ക് കംപ്യൂട്ടർ ഉപയോഗിക്കാറില്ല എന്നാണ് അടുത്തിടെ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ അവകാശപ്പെട്ടത്. ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് വയേഡ് ആണ്. നേരത്തേ ഫയൽ ചെയ്ത വ്യവഹാരത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ മസ്കും മസ്കിന്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എ.ഐയും പരാജയപ്പെട്ടതായി കാണിച്ച് ഓപൺ എ.ഐ സമർപ്പിച്ച ഹരജിയിലാണ് ഈ അവകാശവാദം.
എന്നാൽ മസ്കിന്റെ തന്നെ ഒന്നിലധികം പോസ്റ്റുകൾ തന്നെ ഈ വാദത്തിന് കടകവിരുദ്ധമാണ്. മുമ്പത്തെ ട്വിറ്ററിൽ അതായത് ഇപ്പോൾ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിൽ തന്നെ തന്റെ ലാപ്ടോപ് ഉപയോഗത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് പരാമർശിച്ചിട്ടുണ്ട്.
2024 ഡിസംബറിൽ ലാപ്ടോപ്പിൽ ഗെയിം കളിക്കുന്നതിന്റെ ചിത്രം മസ്ക് പങ്കുവെച്ചിരുന്നു. 2025 ജൂൺ ഒന്നിനും
ലാപ്ടോപ്പ് ഉപയോഗത്തെ കുറിച്ച് സൂചിപ്പിക്കുന്ന പോസ്റ്റ് അദ്ദേഹം എക്സിൽ പങ്കുവെക്കുകയുണ്ടായി. വ്യക്തിപരവും പ്രഫഷണലുമായ ആവശ്യങ്ങൾക്ക് താൻ ലാപ്ടോപ്പ് ഉപയോഗിക്കുന്നതായും മസ്ക് പറയുകയുണ്ടായി. അതിനു മുമ്പ് പുതിയ ലാപ്ടോപ് വാങ്ങുന്നതിനെ കുറിച്ചും മസ്ക് പോസ്റ്റിട്ടു. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ മസ്ക് കംപ്യൂട്ടർ ഉപയോഗിക്കുന്നില്ലെന്ന് അവകാശവാദം തെറ്റാണ്.
കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐക്കും സി.ഇ.ഒ സാം ഓൾട്ട്മാനുമെതിരെ ഇലോൺ മസ്ക് കേസിനു പോയത്. 2015 ല്‍ ഓപ്പണ്‍ എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര്‍ വ്യവസ്ഥകള്‍ ഓള്‍ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം. മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഓപ്പണ്‍ സോഴ്‌സ്, നോണ്‍ പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാം ഓള്‍ട്ട്മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും തന്നെ സമീപിച്ചത്. എന്നാൽ ഈ ലക്ഷ്യത്തിൽ നിന്ന് കമ്പനി പിന്നോട്ടുപോയി.
ലാഭം തേടിയുള്ള കമ്പനിയുടെ ലക്ഷ്യങ്ങൾ കരാറിന്റെ ലംഘനമാണെന്നാണ് മസ്കിന്റെ വാദം. 2015ൽ മസ്കിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ഓപൺ എ.ഐക്ക് തുടക്കമിട്ടത്. കമ്പനിയുടെ സി.ഇ.ഒ സ്ഥാനവും വഹിച്ച മസ്ക് 2018ൽ കമ്പനിയിലെ ബോർഡ് അംഗത്വത്തിൽ നിന്ന് പുറത്ത് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

