Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൊഹ്റാൻ മംദാനി...

സൊഹ്റാൻ മംദാനി ‘കള്ളനും നുണയനു’മെന്ന് ഇലോൺ മസ്ക്; കുറഞ്ഞവില ഗ്രോസറി സ്റ്റോർ പദ്ധതിക്കെതിരായ വിമർശനത്തിനിടെയാണ് പരാമർശം

text_fields
bookmark_border
elon musk
cancel
camera_alt

ഇലോൺ മസ്ക്, സൊഹ്റാൻ മംദാനി

വാഷിങ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി മുന്നോട്ടുവച്ച ഗ്രോസറി സ്റ്റോർ പദ്ധതിക്കെതിരെ ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോൺ മസ്ക് രൂക്ഷ വിമർശനവുമായി രംഗത്ത്. ഗ്രോസറി സ്റ്റോർ പദ്ധതിയിലെ കടകളിലൂടെ ചില നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾ വിപണിവിലയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന നിലപാടിനെ വിമർശിച്ച മസ്‌ക്, മംദാനിയെ ‘കള്ളനും നുണയനു’മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിനോടുള്ള പ്രതികരണമായാണ് മസ്‌ക് പരാമർശം നടത്തിയത്. ഗ്രോസറി വ്യാപാര മേഖലയിൽ ലാഭവിഹിതം വളരെ കുറവാണെന്നും, അത്തരമൊരു സാഹചര്യത്തിൽ കുറഞ്ഞവിലയിൽ സാധനങ്ങൾ വിൽക്കുമെന്ന വാഗ്ദാനം പ്രായോഗികമല്ലെന്നും ഒരു പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് മറുപടിയായി മസ്‌ക്, ‘മറ്റുള്ളവരിൽ നിന്ന് വിഭവങ്ങൾ എടുത്തുകൊണ്ടാണ് അവർ ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതെ’ന്ന് മസ്ക് പ്രതികരിക്കുകയായിരുന്നു. ഇതോടൊപ്പമാണ് കള്ളനും നുണയനും എന്നതടക്കമുള്ള പ്രസ്താവനകളും നടത്തിയത്.

ന്യൂയോർക്ക് നഗരത്തിലെ അഞ്ച് സ്ഥലങ്ങളിൽ ഓരോ ഗ്രോസറി സ്റ്റോർ വീതം ആരംഭിക്കാനാണ് മംദാനി ഭരണകൂടം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 7 കോടി ഡോളറിന്റെ മൂലധന ഫണ്ടാണ് അനുവദിച്ചത്. ആദ്യ സ്റ്റോർ ബ്രോങ്ക്സിലെ ഹണ്ട്സ് പോയിന്റിൽ 2027ൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഈസ്റ്റ് ഹാർലം, ബ്രൂക്‍ലിൻ, ക്വീൻസ്, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിലും സ്റ്റോറുകൾ ആരംഭിക്കും. പദ്ധതി പ്രകാരം, സ്വകാര്യ ഗ്രോസറി ഓപ്പറേറ്റർമാരാകും സ്റ്റോറുകളുടെ ദൈനംദിന പ്രവർത്തനം, ജീവനക്കാരുടെ നിയമനം, ഉൽപന്ന ശേഖരണം, വിൽപന ക്രമീകരണം തുടങ്ങിയവ കൈകാര്യം ചെയ്യുക. എന്നാൽ സ്ഥലസൗകര്യവും മറ്റു ചില പ്രധാന ചെലവുകളും നഗരഭരണകൂടം വഹിക്കും. വിലനിർണയത്തിലും പ്രവർത്തന മാനദണ്ഡങ്ങളിലും സർക്കാറിന് നിയന്ത്രണമുണ്ടാകും.

നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക് ഏകദേശം 30 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. ഇതുവഴി ശരാശരി ഒരു ന്യൂയോർക്ക് താമസക്കാരന് പ്രതിമാസം 90 ഡോളറോളം, വർഷത്തിൽ ഏകദേശം 1,000 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് കണക്ക്.

എന്നാൽ സാമ്പത്തിക വിദഗ്ധരും ബിസിനസ് സംഘടനകളും പദ്ധതിക്കെതിരെ സംശയങ്ങൾ ഉയർത്തുന്നുണ്ട്. സാധാരണ ഗ്രോസറി സ്റ്റോറുകൾ വളരെ കുറഞ്ഞ ലാഭവിഹിതത്തിലാണ് പ്രവർത്തിക്കുന്നതെന്നും, അത്തരം സാഹചര്യത്തിൽ 30 ശതമാനം വിലക്കുറവ് എങ്ങനെ സാധ്യമാകുമെന്നുമാണ് അവരുടെ ചോദ്യം. പൊതുധനസഹായം, വാടക ഇളവുകൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ വഴിയാണ് വിലക്കുറവ് സാധ്യമാകുന്നതെങ്കിൽ അതിന്റെ ഭാരം ഒടുവിൽ നികുതിദായകർക്ക് തന്നെ വഹിക്കേണ്ടിവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, സർക്കാർ സഹായത്തിലുള്ള സ്റ്റോറുകൾ സ്വകാര്യ സൂപ്പർമാർക്കറ്റുകൾക്കും ചെറുകിട ഗ്രോസറി കടകൾക്കും അന്യായമായ മത്സരസാഹചര്യം സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, വാടകയും മറ്റ് പ്രധാന ചെലവുകളും നഗരഭരണകൂടം ഏറ്റെടുക്കുന്നതാണ് കുറഞ്ഞവിലയിൽ സാധനങ്ങൾ ലഭ്യമാക്കാനുള്ള പ്രധാന കാരണമെന്ന് മംദാനി ഭരണകൂടം വിശദീകരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷവും ഉയർന്ന നിലയിൽ തുടരുന്ന ഭക്ഷ്യവിലയുടെ പശ്ചാത്തലത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USNewyorkElon MuskZohran Mamdani
News Summary - Elon Musk Slams Zohran Mamdani Over NYC Public Grocery Store Plan
Next Story