ഫ്രാൻസിൽ ചെറുവിമാനം തകർന്നുവീണ് 11 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് സ്കൈഡൈവിങ്ങിനായി പോയ സംഘം
text_fieldsപാരിസ്: ഫ്രാൻസിന്റെ വടക്കുകിഴക്കൻ ഭാഗമായ നാൻസിക്ക് സമീപം സിവിലിയൻ ചെറുവിമാനം തകർന്നുവീണ് 11 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ടോംബ്ലെയ്നിൽ പാരച്യൂട്ടിങ് സ്കൂളിലെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൈലറ്റും അഞ്ച് സ്കൈഡൈവിങ് വിദ്യാർഥികളും അഞ്ച് ഇൻസ്ട്രക്ടർമാരുമാണ് മരിച്ചതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.
വിമാനം തകർന്നുവീണ ഉടൻ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സമീപ പ്രദേശം സുരക്ഷാ കാരണങ്ങളാൽ പൊലീസ് വളഞ്ഞു.
ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് വിമാനം തകർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, നിലത്തുണ്ടായിരുന്ന ആർക്കും പരിക്കില്ല. പാരച്യൂട്ട്, സ്കൈ ഡൈവിങ് എന്നിവക്കായി സാധാരണയായി ഉപയോഗിക്കുന്ന പിലാറ്റസ് എന്ന ജർമ്മൻ രജിസ്റ്റേർഡ് വിമാനമാണ് തകർന്നുവീണതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി അപകടസ്ഥലം സന്ദർശിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ, കാലാവസ്ഥാ പ്രശ്നമാണോ, മറ്റ് കാരണങ്ങളാണോയെന്ന് കണ്ടെത്താൻ ഫ്രാൻസിന്റെ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഫ്രഞ്ച് അധികൃതർ അനുശോചനം രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

