ന്യൂയോർക്കിലെ ജൂതർ ഇസ്രായേലിലേക്ക് മടങ്ങണമെന്ന് ഇസ്രായേൽ മന്ത്രി; ‘ന്യൂയോർക്കിന്റെ താക്കോലുകൾ ഹമാസ് അനുകൂലിക്ക് കൈമാറി’
text_fieldsഅമിച്ചായ് ചിക്ലി, സൊഹ്‌റാൻ മംദാനി
ന്യൂയോർക്: സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോർക്കിലെ ജൂതരോട് ഇസ്രായേലിലേക്ക് മടങ്ങാൻ ആഹ്വാനവുമായി ഇസ്രായേൽ പ്രവാസികാര്യ മന്ത്രി അമിച്ചായ് ചിക്ലി.
‘ഒരുകാലത്ത് ആഗോള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്ന നഗരം അതിന്റെ താക്കോലുകൾ ഒരു ഹമാസ് അനുഭാവിക്ക് കൈമാറി. ന്യൂയോർക്ക് നഗരത്തിന് ഇതൊരു നിർണായക വഴിത്തിരിവാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ എണ്ണമറ്റ ജൂത അഭയാർത്ഥികൾക്ക് സ്വാതന്ത്ര്യവും അവസരവും നൽകിയ ന്യൂയോർക്ക് നഗരത്തിന്റെ അടിത്തറയെ തന്നെ ഇളക്കുന്ന ഫലമാണിത്,’ ചിക്ലി എക്‌സിൽ കുറിച്ചു.
തെക്കൻ ലെബനനിലെ വംശീയ ഉന്മൂലനത്തിനും അധിനിവേശത്തിനും ഗസ്സയിലെ കുടിയേറ്റങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച അമിച്ചായ് ചിക്ലി, മംദാനിയെ ‘ഹമാസ് അനുകൂലി’ എന്നാണ് വിശേഷിപ്പിച്ചത്. മംദാനിയുടെ വീക്ഷണങ്ങൾ 25 വർഷം മുമ്പ് സ്വന്തം ആളുകളെ കൊലപ്പെടുത്തിയ ജിഹാദി തീവ്രവാദികളുടെ വീക്ഷണങ്ങളിൽ നിന്ന് വളരെ അകലെയല്ലെന്ന് 9/11 ആക്രമണത്തെ പരാമർശിച്ച് ചിക്ലി പറഞ്ഞു.
‘ന്യൂയോർക്ക് ഇനി ഒരിക്കലും പഴയുപോലെ ആവില്ല, പ്രത്യേകിച്ച് ജൂത സമൂഹത്തിന്. ലണ്ടന് സമാനമായ സാഹചര്യത്തിലേക്ക് ന്യൂയോർക്ക് നീങ്ങുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വാക്കുകൾ പാഴാക്കുന്നതിൽ അർത്ഥമില്ല. ഈ നഗരത്തിൽ ഒന്നും ശരിയാകില്ല ന്യൂയോർക്കിലെ ജൂതന്മാർ ഇസ്രായേൽ നാട്ടിൽ തങ്ങളുടെ പുതിയ വീട് പണിയുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കണം,’ ചിക്ലി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ ക്വീൻസിൽ നിന്നുള്ള നിയമസഭാംഗമായ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച് നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി. മംദാനിയുടെ വിജയത്തിൽ ചിക്ലിക്ക് സമാനമായ പ്രതികരണവുമായി മറ്റ് ഇസ്രായേലി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഈ ഫലത്തെ ‘സാമാന്യബുദ്ധിക്ക് മേലുള്ള ജൂതവിരുദ്ധതയുടെ വിജയം’ എന്നാണ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

